അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. ലയണല്‍ മെസിയെ പോലൊരു താരം ഫുട്‌ബോളില്‍ ഒരു തവണ മാത്രമേ ഉണ്ടാവുവെന്നാണ് റെഡ് ഡെവിള്‍സ് പരിശീലകന്‍ പറഞ്ഞത്.
‘ഫുട്ബാളില്‍ ലയണല്‍ മെസി ഒന്ന് മാത്രമേയുള്ളൂ ലോകകപ്പില്‍ അത് നമ്മള്‍ കണ്ടതാണ്. മറ്റുള്ള താരങ്ങളെല്ലാം ഒരു ടീമെന്ന നിലയിലാണ് കളിച്ചത്,’ ടെന്‍ ഹാഗ് ഓള്‍ എബൗട്ട് അര്‍ജന്റീനയുടെ പറഞ്ഞു.
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.
രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.
അതേസമയം കഴിഞ്ഞ സീസണില്‍ ടെന്‍ ഹാഗിന്റെ കീഴില്‍ എഫ്.എ കപ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. ചെയ്ത വൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് സ്വന്തമക്കിയത്.
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം റെഡ് ഡെവിള്‍സ് പരിശീലകന്‍ ടെന്‍ ഹാഗ് സ്വന്തമാക്കിയിരുന്നു. ഒരു ഡൊമസ്റ്റിക് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനെ പരാജയപ്പെടുത്തുന്ന ആദ്യ മാനേജറായിട്ടാണ് ടെന്‍ ഹാഗ് മാറിയത്. 25 മത്സരങ്ങള്‍ അണ്‍ബീറ്റണായി മിന്നും പ്രകടനം നടത്തികൊണ്ട് എത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയെയായിരുന്നു അന്ന് ടെന്‍ ഹാഗും കൂട്ടരും തകര്‍ത്തുവിട്ടത്.
പുതിയ സീസണില്‍ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് വിജയവും രണ്ട് തോല്‍വിയും അടക്കം ആറ് പോയിന്റോടെ പത്താം സ്ഥാനത്താണ് ടെന്‍ ഹാഗും സംഘവും. സീസണിലെ ആദ്യ മത്സരത്തില്‍ ഫുള്‍ ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തികൊണ്ട് മികച്ച തുടക്കമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചത്.
എന്നാല്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും റെഡ് ഡെവിള്‍സ് പരാജയപ്പെടുകയായിരുന്നു. ബ്രൈറ്റണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും കരുത്തരായ ലിവര്‍പൂള്‍ എതിരെയില്ലാത്ത മൂന്ന് ഗോളുകള്‍ക്കുമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. പിന്നീട് നടന്ന സതാംപ്ടണിനെതിരെയുള്ള മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കുമാണ് റെഡ് ഡെവിള്‍സ് വിജയിച്ചത്.
Content Highlight: Eric Ten Hag Talks About Lionel Messi