ഇംഗ്ലീഷ് പ്രീമയർ ലീഗിലെ മികച്ച പരിശീലകനായി എറിക് ടെൻ ഹാഗ് തെരഞ്ഞെടക്കപ്പെട്ടു. റാഷ്‌ഫോർഡാണ് മികച്ച താരം. ഇതോടെ സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച താരത്തിനും പരിശീലകനുമുളള പുരസ്‌കാരം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. വോട്ടിങ്ങിലൂടെയാണ് ഇരുവരും പുരസ്‌കാര ജേതാക്കളായത്.
2019ൽ ഒലെ ഗുണ്ണാർ സോൾഷ്യറാണ് അവസാനമായി ഈ പുരസ്‌കാരം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ. സ്ഥാനമേറ്റയുടൻ തന്നെ ടെൻ ഹാഗിന് പുരസ്‌കാരം ലഭിച്ചത് അദ്ദേഹം ടീമിലുണ്ടാക്കിയ വലിയ മാറ്റത്തിന്റെ കരുത്തിലാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളിൽ ടെൻ ഹാഗ് ടീമിനെ വിജയത്തിലെത്തിച്ചു. ലിവർപൂളിനെയും ആഴ്സനലിനെയും ലെസ്റ്റർ സിറ്റിയെയും യുണൈറ്റഡ് തകർത്തിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർക്കസ് റാഷ്‌ഫോർഡ് സെപ്തംബർ മാസത്തെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും രണ്ട് അസിസ്റ്റുകളുമാണ് റാഷ്‌ഫോർഡ് നേടിയത്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് റാഷ്‌ഫോർഡ് മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്നത്.