ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്‌നം പാകിസ്താനെ പോലെ തന്നെ തുര്‍ക്കിക്കും പ്രധാനപ്പെട്ടതാണെന്ന് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍. രണ്ടു ദിവസത്തെ സന്ദര്‍സനത്തിനായി പാകിസ്താനില്‍ എത്തിയ വേളയിലാണ് എര്‍ദൊഗാന്റ പ്രസ്താവന.
“നമ്മുടെ കശ്മീര്‍ സഹോദരീ സഹോദരന്‍മാര്‍ പതിറ്റാണ്ടുകളായി ദുരിതം അനുഭവിച്ചു വരികയാണ്. ഈയടുത്തായി എടുത്തു വന്ന പക്ഷപാതപരമായ സമീപനം മൂലം ഇവരുടെ സഹനം രൂക്ഷമായിരിക്കുന്നു, ഇന്ന് കശ്മീരികളുടെ പ്രശ്‌നം എത്രമാത്രം നിങ്ങള്‍ക്ക് (പാകിസ്താന്‍) പ്രധാനമാണോ അത്രയും ഞങ്ങള്‍ക്കും പ്രധാനമാണ്,” എര്‍ദൊഗാന്‍ പറഞ്ഞു.
ഒപ്പം ഒന്നാം ലോകമഹായുദ്ധ കാലത്ത് തുര്‍ക്കിയിലെ ഗല്ലിപൊലി മേഖലയ്ക്ക് വേണ്ടി ഓട്ടോമന്‍ അധികാരികളും വിദേശ ശക്തികളും തമ്മില്‍ നടന്ന യുദ്ധത്തെയും എര്‍ദൊഗാന്‍ പരമാര്‍ശിച്ചു. കശ്മീരും ഗല്ലിപൊളിയും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്നാണ് എര്‍ദൊഗാന്‍ പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീര്‍ പ്രതിസന്ധി സംഘര്‍ഷത്തിലൂടെയോ അടിച്ചമര്‍ത്തലിലൂടെയോ പരിഹരിക്കാനാവില്ലെന്നും നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ ഇത് സാധ്യമാവൂ എന്നും എര്‍ദൊഗാന്‍ പറഞ്ഞു.
‘അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തുര്‍ക്കി ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും,’
പാകിസ്താന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് എര്‍ദൊഗാന്റെ പരാമര്‍ശം. ഒപ്പം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് സാമ്പത്തിക വിലക്കേര്‍പ്പെടുത്തുന്ന എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയില്‍ നിന്നും ഒഴിവാകാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ പിന്താങ്ങുമെന്നും എര്‍ദൊഗാന്‍ പറഞ്ഞു. അടുത്തയാഴ്ച പാരീസില്‍ വെച്ചാണ് എഫ്.എ.ടി.എഫിന്റെ കൂടിക്കാഴ്ച നടക്കുന്നത്.