കൃത്യമായ അജണ്ടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു; കേരള സ്‌റ്റോറിക്ക് എങ്ങനെ സെന്‍സര്‍ അനുമതി കിട്ടി? എന്റെ റേറ്റിങ് പൂജ്യം; അശ്വനി കുമാറിന്റെ റിവ്യു
national news
കൃത്യമായ അജണ്ടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു; കേരള സ്‌റ്റോറിക്ക് എങ്ങനെ സെന്‍സര്‍ അനുമതി കിട്ടി? എന്റെ റേറ്റിങ് പൂജ്യം; അശ്വനി കുമാറിന്റെ റിവ്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th May 2023, 3:20 pm

ന്യൂദല്‍ഹി: കേരള സ്‌റ്റോറിക്ക് എങ്ങനെയാണ് സെന്‍സെര്‍ ബോര്‍ഡ് അനുമതി നല്‍കിയതെന്ന് മനസിലാകുന്നില്ലെന്ന് എന്റര്‍ടൈമെന്റ് ജേണലിസ്റ്റ് അശ്വനി കുമാര്‍. കൃത്യമായ ഒരു അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്നും അദ്ദേഹം പറഞ്ഞു. സനിമയെക്കുറിച്ചുള്ള തന്റെ റിവ്യൂവിലാണ് അശ്വനി കുമാര്‍ ഇക്കാര്യം പറഞ്ഞത്.

സിനിമ പ്രേക്ഷകരുടെ സമയമോ പണമോ അര്‍ഹിക്കുന്നില്ലെന്നും സംവിധായകന്‍
സുദീപ്‌തോ സെന്‍ സമൂഹത്തില്‍ വിഷം പ്രചരപ്പിക്കാനാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അശ്വനി കുമാര്‍ പറഞ്ഞു.

‘കേരള സ്റ്റോറി എന്നെ ഒരുപാട് ഡിസ്റ്റര്‍ബ് ചെയ്യിപ്പിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നതും ഒരുപാട് പൊരുത്തക്കേടുള്ളതുമായ സിനിമയാണിത്. കൃത്യമായ അജണ്ടയിലാണ് സിനിമ പോകുന്നത്.

പ്രകോപനപരമായ രംഗങ്ങള്‍ നിറഞ്ഞ ഈ സിനിമക്ക് ഞാന്‍ പൂജ്യം റേറ്റിങ്ങാണ് നല്‍കുന്നത്. എ സര്‍ട്ടിഫിക്കറ്റോടെയാണെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഈ സിനമക്ക് എങ്ങനെ അനുമതി നല്‍കിയെന്ന് എനിക്ക് മനസിലാകുന്നില്ല. ഈ സിനിമക്ക് അനുമതി നല്‍കിയത് നിരുത്തരവാദപരവും അക്ഷരാര്‍ത്ഥത്തില്‍ അവരുടെ ജോലിയോട് ചെയ്യുന്ന വഞ്ചനയുമാണ്.

ഹിന്ദു പെണ്‍കുട്ടികളെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി എന്ന കഥ പറയുകയാണെന്ന പേരില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ വിഷം പരത്തുകയാണ്. കഥയുടെ ഒരു ഭാഗം ശരിയാണ്, പക്ഷേ അത് അവതരിപ്പിക്കുന്നത് വിഷലിപ്തമായിട്ടാണ്. കേരള സ്‌റ്റോറി പ്രേക്ഷകരുടെ സമയവും പണവും അര്‍ഹിക്കുന്നില്ല,’ അശ്വനി കുമാര്‍ തന്റെ റിവ്യൂവില്‍ പറഞ്ഞു.

മെയ് അഞ്ചിനാണ് കേരള സ്റ്റോറി റിലീസ് ചെയ്തത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വസ്തുതകളുടെ പിന്‍ബലമില്ലാതെ കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നാണ് സിനിമക്കെതിരെയുള്ള വിമര്‍ശനം.

അതേസമയം, ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളുമെന്നും ഹൈക്കോടതി പറഞ്ഞു. ഇതൊരു ചരിത്രപരമായ സിനിമ അല്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് ശബരീഷ്, സോഫി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.