ഇംഗ്ലണ്ട്-പാകിസ്ഥാന്‍ മത്സരത്തിനിടെ ഫലസ്തീൻ പതാകയുമായി ഗ്രൗണ്ടിലിറങ്ങി ആരാധകൻ
DSport
ഇംഗ്ലണ്ട്-പാകിസ്ഥാന്‍ മത്സരത്തിനിടെ ഫലസ്തീൻ പതാകയുമായി ഗ്രൗണ്ടിലിറങ്ങി ആരാധകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th May 2024, 2:13 pm

ഇംഗ്ലണ്ട്-പാകിസ്ഥാന്‍ നാല് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ നടന്ന ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.  എഡ്ഗ്ബാസ്റ്റോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്റെ ബാറ്റിങ്ങിനിടെ ഫലസ്തീന്‍ പതാകയുമായി ഒരു യുവാവ് ഗ്രൗണ്ടില്‍ ഇറങ്ങുകയായിരുന്നു. പാകിസ്ഥാന്റെ ബാറ്റിങ് 12.3 ഓവറില്‍ നില്‍ക്കെയായിരുന്നു യുവാവ് ഫലസ്തീന്‍ പതാകയുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്.

ക്രീസില്‍ ഇഫ്തിക്കര്‍ അഹമ്മദും ഇമാദ് വസീമും ആയിരുന്നു ഉണ്ടായിരുന്നത്. ഫലസ്തീന്റെ പതാകയുമായി യുവാവ് ഗ്രൗണ്ടിലൂടെ ഓടുകയായിരുന്നു. എന്നാല്‍ ഗ്രൗണ്ടിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇറങ്ങിച്ചെന്ന് ഇയാളെ ഗ്രൗണ്ടില്‍ നിന്നും പിടിച്ചുമാറ്റുകയായിരുന്നു.

ഫലസ്തീനിലെ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ 30,000ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഗസയിലെ വംശഹത്യയിൽ ഇസ്രഈലിനെതിരെ ലോകമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഫലസ്തീന്‍ പതാകയുമായി യുവാവ് നടത്തിയ പ്രതിഷേധം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ 19.2 ഓവറില്‍ 162 റണ്‍സിന് പുറത്താവുകയായിരുന്നു.

51 പന്തില്‍ 84 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോസ് ബട്ലറിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച ടോട്ടല്‍ നേടിയത്. 164.71 സ്ട്രൈക്ക് റേറ്റില്‍ എട്ട് ഫോറുകളും മൂന്ന് സിക്സുകളുമാണ് ബട്ലര്‍ നേടിയത്.

പാകിസ്ഥാന്‍ ബൗളിങ്ങില്‍ ഷഹീന്‍ അഫ്രിദി മൂന്ന് വിക്കറ്റും ഇമാദ് വസീം, ഹാരിസ് റൗഫ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്ന് വിക്കറ്റും മോയിന്‍ അലി, ജോഫ്ര അര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

21 പന്തില്‍ 45 റണ്‍സ് നേടി ഫക്കര്‍ സമാനും 26 പന്തില്‍ 32 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. മെയ് 28നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. സോഫിയ ഗാര്‍ഡന്‍സ് സ്റ്റേഡിയമാണ് വേദി.

Content Highlight: England vs Pakisthan: A fan carrying a Palestinian flag landed on the ground