Cricket
അടിയോടടി, അവസാനം സ്‌കോര്‍ 498; ഏകദിന പുരുഷ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ വീണ്ടും തിരുത്തി ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 17, 02:43 pm
Friday, 17th June 2022, 8:13 pm

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറെന്ന ലോക റെക്കോര്‍ഡ് തങ്ങളുടെ പേരിലാക്കി ടീം ഇംഗ്ലണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരെ 50 ഓവറില്‍ നാലു വിക്കറ്റിന് 498 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 26 സിക്സറുകളാണ് മത്സരത്തില്‍ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇതില്‍ 14 എണ്ണവും ബട്ട്ലറുടെ വകയായിരുന്നു. 47 പന്തിലാണ് ബട്ട്ലര്‍ സെഞ്ച്വറി കടന്നത്.

ജോസ് ബട്ട്ലറുടെ വെടിക്കെട്ട് ബാറ്റിങ് തന്നെയാണ് ഇംഗ്ലണ്ടിന് നിര്‍ണായകമായതും. 70 പന്ത് നേരിട്ട ബട്ട്ലര്‍ പുറത്താകാതെ 162 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബട്ട്ലറെ കൂടാതെ ഫില്‍ സാള്‍ട്ട്(122), ദാവിദ് മലാന്‍(125) എന്നിവരും ടീമിനായി സെഞ്ച്വറി നേടി. ലിവിങ്സ്റ്റണ്‍ 22 പന്തില്‍ നിന്ന് 66 റണ്‍സ് നേടി ഇവര്‍ക്ക് പിന്തുണ നല്‍കി.

47 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച ബട്ട്ലര്‍ ഏകദിനത്തില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. 17 പന്തില്‍ നിന്ന് 50 തികച്ച ലിവിങ്സ്റ്റണ്‍ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും സ്വന്തമാക്കി. ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ എറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പമെത്താനും പങ്കുവെയ്ക്കാനും താരത്തിനായി.

ട്രെന്റ് ബ്രിഡ്ജില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് നേടിയ 481 റണ്‍സായിരുന്നു ഇതുവരെ പുരുഷ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍. ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 491 റണ്‍സാണ് വനിതാ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ഏകദിന ക്രിക്കറ്റിലെ ലോക റെക്കോര്‍ഡ് സ്‌കോര്‍ അവസാനമായി മൂന്നു തവണയും തിരുത്തിക്കുറിച്ചത് ഇംഗ്ലണ്ടായിരുന്നു. ശ്രീലങ്കയുടെ 443 എന്ന സ്‌കോര്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് 444 റണ്‍സ് നേടിയാണ് മറികടന്നത്. പിന്നീട് ഓസ്‌ട്രേലിയയ്‌ക്കെതിരെ 481 റണ്‍സ് അടിച്ച് ഇംഗ്ലണ്ട് വീണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഇപ്പോഴിതാ, 498 എന്ന സ്‌കോറിലേക്ക് ചരിത്രം വീണ്ടും മാറ്റി എഴുതിയിരിക്കുകയാണ് ഇംഗ്ലണ്ട്.