നൂറ്റാണ്ടിന്റെ നാണക്കേടില്‍ ഇംഗ്ലണ്ട്; ഒറ്റ തോല്‍വിയില്‍ വഴങ്ങിയത് മറ്റാര്‍ക്കുമില്ലാത്ത മോശം റെക്കോഡ്
icc world cup
നൂറ്റാണ്ടിന്റെ നാണക്കേടില്‍ ഇംഗ്ലണ്ട്; ഒറ്റ തോല്‍വിയില്‍ വഴങ്ങിയത് മറ്റാര്‍ക്കുമില്ലാത്ത മോശം റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th October 2023, 5:50 pm

ഐ.സി.സി ലോകകപ്പില്‍ ഞെട്ടിക്കുന്ന പരാജയമാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 69 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. അഫ്ഗാന്‍ സിംഹങ്ങളുടെ പോരാട്ട വീര്യത്തിന് മുമ്പില്‍ കളി മറന്ന ത്രീ ലയണ്‍സിന് പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ല.

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരെയും നിലയുറപ്പിക്കും മുമ്പ് പവലിയനിലേക്ക് മടക്കിയയച്ച ബൗളര്‍മാരാണ് അഫ്ഗാനിസ്ഥാന് വിജയം സമ്മാനിച്ചത്.

ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാന്‍ സര്‍വ മേഖലയിലും സമഗ്രാധിപത്യം പുലര്‍ത്തിയതോടെയാണ് ഇംഗ്ലണ്ട് പരാജയം രുചിച്ചത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 285 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 215 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

അഫ്ഗാനായി റഹ്‌മാനുള്ള ഗുര്‍ബാസ്, ഇക്രം അലിഖില്‍ എന്നിവര്‍ ബാറ്റിങ്ങില്‍ തുണയായപ്പോള്‍ ബൗളിങ്ങില്‍ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, മുഹമ്മദ് നബി എന്നിവരും കരുത്തായി.

അര്‍ധ സെഞ്ച്വറി തികച്ച ഹാരി ബ്രൂക്കിന് മാത്രമേ അഫ്ഗാന്റെ അപരാജിത പോരാട്ട വീര്യത്തിന് മുമ്പില്‍ അല്‍പമങ്കിലും ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്.

അഫ്ഗാനെതിരായ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിനെ തേടി ഒരു മോശം റെക്കോഡ് എത്തിയിരിക്കുകയാണ്. ലോകകപ്പില്‍ എല്ലാ ടെസ്റ്റ് പ്ലെയിങ് നേഷന്‍സിനോടും പരാജയപ്പെടുന്ന ആദ്യ ടീം എന്ന മോശം റെക്കോഡാണ് ഇംഗ്ലണ്ടിനെ തേടിയെത്തിയത്. ഇതോടെ 11 ടെസ്റ്റ് പ്ലെയിങ് രാജ്യങ്ങളും ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.

ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വേ, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഇതിന് മുമ്പ് ഇംഗ്ലണ്ടിനെ ലോകകപ്പുകളില്‍ പരാജയപ്പെടുത്തിയ മറ്റ് ടെസ്റ്റ് പ്ലെയിങ് നേഷനുകള്‍.

ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത് നിന്നും നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് കയറാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചു. മൂന്ന് മത്സരത്തില്‍ നിന്നും ഒരു വിജയവുമായി രണ്ട് പോയിന്റാണ് അഫ്ഗാനിസ്ഥാനുള്ളത്.

മൂന്ന് മത്സരത്തില്‍ നിന്നും ഒറ്റ ജയവുമായി രണ്ട് പോയിന്റ് തന്നെയാണ് അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനുമുള്ളത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പേരും പെരുമയും നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിന് ശേഷിക്കുന്ന മത്സരങ്ങള്‍ അതിനിര്‍ണായകമാണ്.

ഒക്ടോബര്‍ 21നാണ് ഇംഗ്ലണ്ട് തങ്ങളുടെ അടുത്ത മത്സരം കളിക്കാനിറങ്ങുന്നത്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

 

Content Highlight: England is the first team to loss to all test playing nations in World Cup