നീറ്റ് പരീക്ഷക്കെതിരായ നിയമം വെറും വെള്ള പൂശൽ; കേന്ദ്രത്തിനെതിരെ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ
national news
നീറ്റ് പരീക്ഷക്കെതിരായ നിയമം വെറും വെള്ള പൂശൽ; കേന്ദ്രത്തിനെതിരെ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 10:55 am

ന്യൂദൽഹി: നീറ്റ് പരീക്ഷക്കെതിരായ നിയമം നടപ്പിലാക്കുന്നത് വെറും വെള്ള പൂശൽ മാത്രമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 70 ചോദ്യപേപ്പറുകൾ ചോർന്നുവെന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

അഴിമതിയും വിദ്യാഭ്യാസ മാഫിയയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഖാർഗെ പറഞ്ഞു

മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയാനും കുറ്റവാളികൾക്ക് പരമാവധി 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന വ്യവസ്ഥകളും ഉൾക്കൊള്ളുന്ന 2024 ലെ പൊതു പരീക്ഷാ നിയമം പ്രാവർത്തികമാക്കാനുള്ള നടപടികൾ കേന്ദ്രം വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.

എന്നാൽ പേപ്പർ ചോർച്ചയ്‌ക്കെതിരായ നിയമത്തിന് ഈ വർഷം ഫെബ്രുവരി 13 ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി മാത്രമാണ് ഇത് അറിയിച്ചതെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

നിയമ നീതിന്യായ മന്ത്രാലയം ഇതുവരെ പുതിയ നിയമത്തിന് ചട്ടങ്ങൾ രൂപീകരിക്കാത്ത സാഹചര്യത്തിൽ, നിയമം വിജ്ഞാപനം ചെയ്തതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി കള്ളം പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഖാർഗെ ചോദിച്ചു.

Also Read: ആ രണ്ട് ചിത്രങ്ങളും അടുപ്പിച്ച് റിലീസായിട്ടും സ്വീകരിക്കപ്പെട്ടത് അവന്റെ എഴുത്തിന്റെ ബ്രില്യൻസ് കൊണ്ടാണ്: ബിജു മേനോൻ

നീറ്റ് പരീക്ഷയിൽ വ്യാപകമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ക്രമക്കേട് നടന്നുവെന്ന് സമ്മതിച്ചിട്ടും മോദി സർക്കാർ എന്ത് കൊണ്ട് പരീക്ഷ വീണ്ടും നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഒമ്പത് ദിവസത്തിനുള്ളിൽ, എൻ.ടി.എ മൂന്ന് പ്രധാന പരീക്ഷകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു. നിയമം പാസാക്കിയതിന് ശേഷവും ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലെ പൊലീസ് റിക്രൂട്ട്‌മെൻ്റ് ആൻഡ് പ്രമോഷൻ ബോർഡിൻ്റെ (യു.പി.പി.ആർ.പി.ബി) പരീക്ഷ പേപ്പർ ചോർന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

Content Highlight: Enforcing law against paper leak mere whitewash: Cong chief Kharge