കോഴിക്കോട്: കേരളത്തിലെ പ്രഥമ സര്‍ക്കാറായ ഇ.എം.എസ് മന്ത്രിസഭ അതിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മകന് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മയ്ക്കുനേരെ പൊലീസ് അതിക്രമം ഉണ്ടായിരിക്കുന്നത്. അധികാരത്തിലേറിയ ഇ.എം.എസ് സര്‍ക്കാറിന്റെ ആദ്യ പ്രഖ്യാപനം ജനകീയസമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തില്ലെന്ന ഉറപ്പായിരുന്നു. അത്തരമൊരു സര്‍ക്കാറിന്റെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്നവരാണിപ്പോള്‍ ഈ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയിരിക്കുന്നത്.
“”അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി പൊലീസിനെ ഉപയോഗിക്കില്ലെന്ന് ഇ.എം.എസ് മന്ത്രിസഭ പ്രഖ്യാപിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് ഇരിക്കാന്‍ ഒരു ബെഞ്ച് എല്ലാ സ്റ്റേഷനിലും ഇട്ട പരിഷ്‌കാരവും ഇതേ സര്‍ക്കാരിന്റേതായിരുന്നു.” എന്നാണ് അന്നത്തെ സര്‍ക്കാറിനെക്കുറിച്ച് “നന്മയുടെ മഹാമാതൃക” എന്ന തലക്കെട്ടില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അവകാശപ്പെടുന്നത്.
ഈ അവകാശവാദമുന്നയിച്ചവരുടെ സര്‍ക്കാറാണ് ഇപ്പോള്‍ സമരം ചെയ്ത ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടിരിക്കുന്നത്. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റു ചെയ്യുകയെന്ന ആവശ്യമുയര്‍ത്തിയാണ് മഹിജയും ജിഷ്ണുവിന്റെ ബന്ധുക്കളും അയല്‍ക്കാരുമടക്കം 16 പേര്‍ ഡി.ജി.പി ഓഫീസിനു മുമ്പില്‍ സമരം ചെയ്യാനെത്തിയത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഒരു കൊടിയുടെയും പിന്തുണയില്ലാതെ തീര്‍ത്തും ന്യായമായ ഒരു ആവശ്യത്തിനുവേണ്ടി സമരം ചെയ്തവരെയാണ് പൊലീസ് ആക്രമിച്ചത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്ത പ്രതികളെയെങ്കിലും അറസ്റ്റു ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ അതുപോലും പരിഗണിക്കാതെയായിരുന്നു പൊലീസ് അതിക്രമം.
ജിഷ്ണു മരിച്ച് നീതിക്കായി 80 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ സഹികെട്ടാണ് ഇത്തരമൊരു സമരവുമായി കുടുംബം രംഗത്തെത്തിയത്.
നേരത്തെ ജിഷ്ണുവിന്റെ കുടുംബം സമരം പ്രഖ്യാപിച്ചെങ്കിലും പൊലീസുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ അതു നീട്ടിവെയ്ക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം ഇല്ലാത്ത പ്രതികളെ ഏഴുദിവസത്തിനുള്ളില്‍ അറസ്റ്റു ചെയ്യുമെന്ന പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ സമരം നീട്ടിയത്. എന്നാല്‍ പൊലീസ് പറഞ്ഞ അവധിയും കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷമാണ് ഇവര്‍ വീണ്ടും സമരരംഗത്തിറങ്ങിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ ഡി.ജി.പി ഓഫീസിലെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ ചര്‍ച്ചയ്ക്കു ക്ഷണിച്ചുകൊണ്ടായിരുന്നു പൊലീസ് അക്രമം അഴിച്ചുവിട്ടത്. ചര്‍ച്ചയ്ക്കായി തയ്യാറായ കുടുംബത്തെ ഡി.ജി.പിയുടെ ഓഫീസിലേക്കു കടത്തിവിടാതെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ജിഷ്ണുവിന്റെ അമ്മയെയും അമ്മാവനെയും ക്രൂരമായി മര്‍ദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്ത പൊലീസ് പിന്നീട് ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു.