അതിന് വേണ്ടി മെസി തന്റെ ഏഴ് ബാലണ്‍ ഡി ഓറും പകരം നല്‍കും: എമിലിയാനോ മാര്‍ട്ടീനസ്
Sports News
അതിന് വേണ്ടി മെസി തന്റെ ഏഴ് ബാലണ്‍ ഡി ഓറും പകരം നല്‍കും: എമിലിയാനോ മാര്‍ട്ടീനസ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th March 2023, 9:55 pm

അര്‍ജന്റീനക്ക് ഒരു അന്താരാഷ്ട്ര കിരീടം നേടുന്നതിനായി മെസി തന്റെ ഏഴ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും പകരം നല്‍കിയേനേ എന്ന് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീസ്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ തന്റെ രാജ്യത്തിന് ഒരു അന്താരാഷ്ട്ര കിരീടം നേടിക്കൊടുക്കണമെന്ന് മെസിക്ക് വാശിയുണ്ടായിരുന്നുവെന്നും എമി പറഞ്ഞു.

ഗോളിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു അന്താരാഷ്ട്ര കിരീടത്തിനായി മെസി എത്രത്തോളം കൊതിച്ചിരുന്നുവെന്നും അത് നേടാന്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും എമിലിയാനോ പറഞ്ഞത്.

‘മെസിക്കൊപ്പം കളിക്കുന്നത് ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. പ്രായമായി കഴിയുമ്പോള്‍ എന്റെ മക്കളോടും കൊച്ചുമക്കളോടും ഏറെ അഭിമാനത്തോടെ ഞാനത് പറയും. പക്ഷേ, നമ്മള്‍ ഒന്നിച്ചിരിക്കുകയാണെങ്കിലും കൂടെയുള്ളത് സാക്ഷാല്‍ ലിയോ ആണ്. അതുകൊണ്ടാണ് ഈ ടീമിലെ ആളുകളെല്ലാം മികച്ചതാവുന്നത്.

അദ്ദേഹം ഫുട്‌ബോളില്‍ നേടിയ നേട്ടങ്ങളെന്തൊക്കെയാണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ആകെ വേണ്ടിയരുന്നത് ദേശീയ ടീമിനൊപ്പം ഒരു കിരീടമായിരുന്നു. അത് എന്നോട് അദ്ദേഹം പറയാറുമുണ്ടായിരുന്നു.

ഒരു കോപ്പ അമേരിക്കക്ക് വേണ്ടി അദ്ദേഹം തന്റെ എല്ലാ ബാലണ്‍ ഡി ഓറും പകരം കൊടുക്കുമായിരുന്നു. ബ്രസീലില്‍ നിന്നും കോപ്പയുമായി അര്‍ജന്റീനയിലേക്ക് മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത് ഞാന്‍ കേട്ടത്.

‘ഈ ഒരു കാര്യമാണ് എനിക്കെന്റെ ഫുട്‌ബോള്‍ കരിയറില്‍ വേണ്ടിയിരുന്നത്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എനിക്കും അതുതന്നെയാണ് വേണ്ടത് എന്ന് ഞാനും പറഞ്ഞു. അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിച്ചതില്‍ ആ നിമിഷം എനിക്കേറെ അഭിമാനം തോന്നിയിരുന്നു. ക്ലബ്ബ് തലത്തില്‍ അദ്ദേഹം എല്ലാം നേടിയിരുന്നു, പക്ഷേ അപ്പോഴെല്ലാം അദ്ദേഹം ചിലത് മിസ് ചെയ്തിരുന്നു,’ എമിലിയാനോ പറഞ്ഞു.

കോപ്പ അമേരിക്ക് പിന്നാലെ യൂറോ കപ്പ് ചാമ്പ്യന്‍മാരായ ഇറ്റലിയെ തോല്‍പിച്ച് ഫൈനലിസീമ കിരീടവും കഴിഞ്ഞ ഡിസംബറില്‍ ലോകകപ്പ് കീരിടവും മെസി അര്‍ജന്റീനക്കായി നേടിക്കൊടുത്തിരുന്നു. 1986ന് ശേഷം ഇതാദ്യമായാണ് ലോകകപ്പ് കിരീടം അര്‍ജന്റൈന്‍ മണ്ണിലെത്തുന്നത്.

 

 

ലോകകപ്പില്‍ മികച്ച താരമായി തെരഞ്ഞെടുത്തതും മെസി ആയിരുന്നു. ഇതാദ്യമായാണ് ഒരു താരം രണ്ട് വിവിധ ലോകകപ്പുകളില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. ലോകകപ്പ് ഫൈനലിലേതടക്കം മികച്ച സേവുകളുമായി അര്‍ജന്റീനയുടെ കാവല്‍ മാലാഖയായ എമിലിയാനോക്കായിരുന്നു മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ലഭിച്ചത്.

 

Content Highlight: Emiliano Martinez about Lionel Messi