ഗെയിം ഓഫ് ത്രോണ്‍സ് എന്ന പ്രശ്‌സ്ത സീരിസിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച താരമാണ് എമിലിയ ക്ലാര്‍ക്ക്. തനിക്ക് ബാധിച്ച അസുഖത്തെ പറ്റിയുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
തന്റെ തലച്ചോറിനെ ബാധിച്ച അനൂറിസം എന്ന അവസ്ഥയെ പറ്റിയാണ് എമിലിയ തുറന്ന് പറഞ്ഞത്. തലച്ചോറിലെ രക്തക്കുഴലിന്റെ ഒരു ഭാഗം വീര്‍ക്കുന്ന അവസ്ഥയാണ് അനൂറിസം. അനൂറിസം ബാധിച്ചാല്‍ തലച്ചോറിലെ രക്തക്കുഴലില്‍ ചോര്‍ച്ചയുണ്ടാവുകയോ പൊട്ടിപ്പോകുകയോ ചെയ്യാം.
ഗെയിം ഓഫ് ത്രോണ്‍സ് ഷൂട്ടിനിടയില്‍ രണ്ട് തവണ മസ്തിഷ്‌ക അനൂറിസം അതിജീവിച്ചുവെന്ന് ബി.ബി.സി. ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എമിലിയ പറഞ്ഞു. അനൂറിസത്തെ അതിജീവിച്ച ചുരുക്കം ചിലരിലൊരാളാണ് താനെന്നും ഇപ്പോഴും എങ്ങനെ സംസാരിക്കാന്‍ കഴിയുന്നു എന്നത് അത്ഭുതകരമാണെന്നും എമിലിയ പറഞ്ഞു.
‘എന്റെ മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ഉപയോഗശൂന്യമാണ്. എനിക്ക് സംസാരിക്കാനും ചിലപ്പോള്‍ വ്യക്തമായി സംസാരിക്കാനും ഒരു പ്രത്യാഘാതവുമില്ലാതെ എന്റെ ജീവിതം പൂര്‍ണമായും സാധാരണ രീതിയില്‍ ജീവിക്കാനും കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. സത്യത്തില്‍ അനൂറിസത്തെ അതിജീവിച്ച വളരെ ചുരുക്കം ആളുകളില്‍ ഒരാളാണ് ഞാന്‍,’ എമിലിയ പറഞ്ഞു.
‘ഇതാണ് ഞാന്‍ എന്ന് ഒരു ഘട്ടത്തില്‍ മനസിലാക്കി. എന്റെ തലച്ചോര്‍ ഇനി ഇങ്ങനെയാണ്. അതിന്റെ സ്ഥാനത്ത് എന്താണ് ഇല്ലാത്തത് എന്ന് ആലോചിച്ച് തലച്ചോറിനെ അലട്ടുന്നതില്‍ കാര്യമില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
2011ലാണ് എമിലിയക്ക് ആദ്യമായി അനൂറിസം ഉണ്ടാവുന്നത്. ഇത് സ്‌ട്രോക്കിന് കാരണമായിരുന്നു. 2013 ല്‍ വീണ്ടും അനൂറിസം ബാധിച്ചതിനെ തുടര്‍ന്ന് അവര്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
അനൂറിസത്തിന് ശേഷം അവര്‍ക്ക് അഫാസിയ ബാധിച്ചിരുന്നുവെന്നും ഒരു ഘട്ടത്തില്‍ പേര് പോലും ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ അനൂറിസം അവരുടെ ഓര്‍മശക്തിയെ കാര്യമായി ബാധിച്ചിട്ടില്ല.