ഹരീഷ് വാസുദേവന്‍
സംസ്ഥാനത്തെ നെല്‍വയലുകളും നീര്‍ത്തടങ്ങളും വന്‍തോതില്‍ ഏറ്റെടുത്ത് മണ്ണിട്ടുനികത്തി കോര്‍പ്പറെറ്റുകള്‍ക്ക് നല്‍കാന്‍ വ്യവസായ വകുപ്പില്‍ നീക്കം. എമേര്‍ജിങ് കേരളയിലെ വന്‍കിട പദ്ധതികള്‍ക്കായി നൂറു കണക്കിന് ഏക്കര്‍ നെല്‍വയലുകള്‍ ഏറ്റെടുത്തു നികത്താനാണ് വ്യവസായ വകുപ്പ് ശ്രമിക്കുന്നത്. നീര്‍ത്തടങ്ങള്‍ പോലും ഉള്‍പ്പെട്ട നിലങ്ങള്‍ “തരിശുനിലം” എന്നു കാണിച്ചാണ് ഏറ്റെടുത്തു നികത്താന്‍ പദ്ധതിയിടുന്നത്.[]
2012 ജൂണ്‍ 13 നു മുഖ്യമന്ത്രിയുടെ യോഗഹാളില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ നിയമഭേദഗതി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വെച്ചത് വ്യവസായ വകുപ്പ് സെക്രട്ടറിയാണ്. വ്യാവസായികാവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ നെല്‍വയല്‍ സംരക്ഷണ നിയമം തടസ്സമാകുന്നു എന്നതായിരുന്നു വ്യവസായ വകുപ്പിന്റെ വാദം. ഈ യോഗത്തിന്റെ തുടര്‍ നടപടിയായി എമേര്‍ജിങ് കേരളയുടെ ഭാഗമായ ഓരോ പദ്ധതിക്കും ഏറ്റെടുത്തു നികത്തേണ്ട നെല്‍വയലുകളുടെ കണക്ക് പ്രത്യേകം പ്രത്യേകം വ്യവസായ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും ഉണ്ട്. ഇത് സംബന്ധിച്ച നിര്‍ണ്ണായക രേഖകള്‍ ഡൂള്‍ ന്യൂസിന് ലഭിച്ചു.
ഇതോടെ എമേര്‍ജിങ് കേരളയുടെ ഭാഗമായി നെല്‍വയലുകളും നീര്‍ത്തടങ്ങളും വന്‍തോതില്‍ നികത്തി വ്യവസായങ്ങള്‍ കൊണ്ടുവരില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കാണെന്ന് തെളിയുന്നു. എമേര്‍ജിങ് കേരളയില്‍ നടക്കുന്നത് വെറും വികസന ചര്‍ച്ചയാണ് എന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ അണിയറയില്‍ വന്‍ തോതില്‍ സ്ഥലം ഏറ്റെടുക്കലിനും നൂറു കണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്തലിനും വേണ്ട നീക്കങ്ങള്‍ ഏറെദൂരം പിന്നിട്ടുകഴിഞ്ഞു.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നത് സാധാരണക്കാരന് വേണ്ടിയാണ് എന്ന് പറയുമ്പോഴും സാധാരണക്കാരന്റെ യാതൊരു ആവശ്യങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നുള്ളത് ശ്രദ്ധേയമാണ്. ജനങ്ങളുടെ ആവശ്യമെന്ന പേരില്‍ ചില വന്‍കിട വ്യവസായികള്‍ക്കായാണ് നിയമം അട്ടിമറിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചതെന്ന സംശയം ഇതോടെ ശക്തമാവുന്നു.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള 2012 ഫെബ്രുവരി എട്ടാം തീയതിയിലെ മന്ത്രിസഭാ തീരുമാനം ജൂലൈ മാസത്തില്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വന്നപ്പോള്‍ വന്‍ വിവാദമായിരുന്നു. സുതാര്യതയില്ലാത്ത നടപടിയെ അന്ന് പ്രതിപക്ഷം വിമര്‍ശിച്ചപ്പോള്‍, എല്ലാ ജില്ലകളിലും നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ആളുകള്‍ നികത്താതെയിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് മന്ത്രിസഭാ തീരുമാനം പുറത്തു വിടാത്തത് എന്നായിരുന്നു ജൂലൈ പന്ത്രണ്ടിന് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ അത് പച്ചക്കള്ളം ആണെന്നും വ്യവസായ വകുപ്പിനായുള്ള നീക്കമാണ് ഇതെന്നും തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ ഞങ്ങള്‍ പുറത്തു വിടുന്നത്. 2012 ജൂണ്‍ 13 നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിയമ ഭേദഗതി സംബന്ധിച്ച പ്രസന്റേഷന്‍ വ്യവസായ വകുപ്പ് സെക്രട്ടറി അവതരിപ്പിച്ചു.
വര്‍ഷങ്ങളായി തരിശായി കിടക്കുന്ന വയലുകളും നീര്‍ത്തടങ്ങളും ഏറ്റെടുത്ത് നികത്താനായി അനുവദിക്കണമെന്നും നിലവില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്നും വ്യവസായ വകുപ്പ് ആവശ്യപ്പെട്ടു. നീര്‍ത്തടങ്ങള്‍ നികത്തരുത് എന്നതടക്കമുള്ള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍ മാറ്റം വരുത്തണമെന്നും വ്യവസായ വകുപ്പ് തീരുമാനിക്കുന്ന ഏതു സ്ഥലവും എമേര്‍ജിങ് കേരളയിലെ നിരവധി പദ്ധതികള്‍ക്കായി നികത്താന്‍ അവര്‍ക്ക് പൂര്‍ണ്ണാവകാശം നല്‍കണമെന്നും അടക്കമുള്ള ഗൌരവകരമായ മാറ്റങ്ങള്‍ ആണ് നിയമ ഭേദഗതിയായി വ്യവസായ വകുപ്പ് നിര്‍ദ്ദേശിച്ചത്.
അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദമായി പഠിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഉന്നതതല ഉദ്യോഗസ്ഥരുടെ ഒരു കമ്മറ്റി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ മാധ്യമങ്ങളില്‍ തുടരുമ്പോഴും ഈ സമിതി തുടര്‍ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഈ സമിതിയുടെ അടുത്ത യോഗം സപ്തംബര്‍ 15 നു ചേരും.
നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ വ്യവസായ വകുപ്പ് ആവശ്യപ്പെടുന്ന ഭേദഗതികള്‍
1. നിയമത്തിലെ വകുപ്പ് മൂന്നിലും പതിനൊന്നിലും പറയുന്ന നികത്തലിനുള്ള നിരോധനം വ്യവസായ വകുപ്പ് സെക്രട്ടറി അപ്പപ്പോള്‍ വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍ക്ക് ബാധകമാക്കരുത്. ടൗണ്‍ പ്ലാനിംഗ് നിയമപ്രകാരം ടൗണ്‍ ആയി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും ഈ നിരോധനം ബാധകമാക്കരുത്. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ തന്നെ ഏതൊരു പ്രദേശവും വ്യവസായ മേഖലയായി പ്രഖ്യാപിക്കാന്‍ വ്യവസായവകുപ്പിന് അധികാരമുണ്ട്. ആറന്മുള അടക്കമുള്ള വ്യവസായമേഖല മുഴുവന്‍ നികത്താനുള്ള അനുമതിയാണ് ഇതുവഴി ലഭിക്കുക.
2.സെക്ഷന്‍ 10 (2) പ്രകാരം നിലവില്‍ ഒരു പദ്ധതിക്ക് നിലം നികത്താന്‍ അനുമതി ലഭിക്കണമെങ്കില്‍ കൃഷി ഓഫീസറും വില്ലേജ് ഓഫീസറും കൃഷിക്കാരും അടങ്ങിയ പ്രാദേശിക സമിതി ശുപാര്‍ശ ചെയ്യുകയും ഈ പദ്ധതിക്ക് വേറെ ഭൂമി ലഭ്യമല്ലെന്ന് സംസ്ഥാന സമിതി ശുപാര്‍ശ ചെയ്യുകയും വേണം. അപ്രകാരമുള്ള നികത്തല്‍ ആ പ്രദേശത്തെ പരിസ്ഥിതിയെയും ബാക്കിയുള്ള കൃഷിയെയും ദോഷകരമായി ബാധിക്കില്ല എന്ന് ഉറപ്പു ലഭിച്ചാലേ സര്‍ക്കാരിന് നികത്തല്‍ അനുവദിക്കാനാകൂ. എന്നാല്‍ ഈ വ്യവസ്ഥകള്‍ എല്ലാം എടുത്തു കളയാനും സംസ്ഥാന സമിതി ശുപാര്‍ശ ചെയ്യുന്ന ഏതൊരു പൊതു താത്പ്പര്യ പദ്ധതിയും സര്‍ക്കാരിന് അംഗീകരിക്കാമെന്നും അതൊന്നുമില്ലെങ്കിലും ബന്ധപ്പെട്ട വകുപ്പിന്റെ സെക്രടറി മാത്രം ശുപാര്‍ശ ചെയ്താലും സര്‍ക്കാരിന് നികത്തല്‍ അംഗീകരിക്കാമെന്നും വ്യവസായ വകുപ്പ് നല്‍കിയ ഭേദഗതി ശുപാര്‍ശയില്‍ പറയുന്നു.
3. ഇതുകൂടാതെ രണ്ട് പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശുപാര്‍ശയുണ്ട്. സെക്ഷന്‍ 2 (19) പ്രകാരം കേരളത്തിലെ ഏതൊരു പ്രദേശവും വ്യവസായ മേഖലയായി പ്രഖ്യാപിക്കാനും വ്യവസായ പാര്‍ക്ക്, വ്യവസായ എസ്‌റ്റെറ്റുകള്‍, വ്യവസായ വികസന പ്രദേശം, വ്യവസായ വികസന പ്ലോട്ടുകള്‍, ചെറുകിട വ്യവസായ എസ്‌റ്റെറ്റുകള്‍, വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, ഐ.ടി പാര്‍ക്കുകള്‍, ടൂറിസം, ആരോഗ്യ മേഖലയിലെ വ്യവസായങ്ങള്‍, ഗതാഗത വ്യവസായങ്ങള്‍, മറ്റു സേവന മേഖലാ വ്യവസായങ്ങള്‍ മുതലായവ എന്നിവയ്ക്ക് നെല്‍ വയലും നീര്‍ത്തടവും നികത്താന്‍ അധികാരം നല്‍കണം എന്നുമാണ് നിര്‍ദ്ദേശം.
4. പൊതു ആവശ്യത്തിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമികള്‍ക്ക് നിയമം ബാധകമാക്കരുത് എന്നും അവിടെ നികത്തല്‍ അനുവദിക്കണമെന്നും അതിനായി പുതിയ വകുപ്പ് 3 (3) ചേര്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്തിന്റെ പരിസ്ഥിതിയിലും ജനജീവിതത്തിലും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നവയും ദോഷകരമായി ബാധിക്കുന്നവയുമാണ് ഈ നിര്‍ദ്ദേശങ്ങള്‍ എന്ന് മാത്രമല്ല, ഭാവിയില്‍ ഒരു ചര്ച്ചയുമില്ലാതെ കേരളത്തില്‍ എവിടെയും വന്‍കിട പദ്ധതികള്‍ക്ക് വേണ്ടി ആയിരക്കണക്കിന് ഏക്കര്‍ വയലുകള്‍ ഏറ്റെടുക്കാനും നികത്താനും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുമുള്ള ആദ്യപടിയാണ് ഇതെന്ന് കരുതേണ്ടിവരും. നെല്‍വയല്‍ തണ്ണീര്‍തട നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം ഫെബ്രുവരി 8 നു തന്നെ മന്ത്രിസഭ കൈക്കൊണ്ട നിലയ്ക്ക് ഇനി ബാക്കിയുള്ളത് ഈ നിര്‍ദ്ദേശത്തിനു സാധുത നല്‍കാനുള്ള തീരുമാനം മാത്രമാണ്. പിന്നീടത് വിവാദമായിട്ടും തീരുമാനം റദ്ദാക്കിയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഈ നിര്‍ദ്ദേശം സാധുവാകുന്നതോടെ കേരളത്തിന്റെ കുടിവെള്ള സുരക്ഷയ്ക്ക് മുകളിലാവും യു.ഡി.എഫ് സര്‍ക്കാര്‍ കത്തി വെയ്ക്കുക.
ഇരുമ്പുമറയുടെ സുതാര്യത
ഏകജാലക ബോര്‍ഡ് രൂപീകരിച്ചു വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതിനു നിലവില്‍ വ്യവസായ വകുപ്പ് ആരോടും ആലോചിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ എമര്‍ജിംഗ് കേരളയില്‍ സര്‍ക്കാര്‍ വെച്ച മിക്ക പദ്ധതികള്‍ക്കും വേണ്ടി തണ്ണീര്‍ത്തടങ്ങള്‍ നികത്തി നല്‍കാന്‍ മാസങ്ങള്‍ക്ക് മുന്‍പേ അണിയറ നീക്കങ്ങള്‍ നടന്നെന്നും മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് ഇത് നടന്നതെന്നും ഇതോടെ വ്യക്തമാവുന്നു. ഈ നീക്കത്തിനെ അന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രിയും അനുകൂലിചെന്നാണ് ലഭിക്കുന്ന വിവരം. എമേര്‍ജിങ് കേരള നടക്കുന്നത് വരെയെങ്കിലും വ്യവസായ വകുപ്പിന്റെ ഈ നീക്കം രഹസ്യമാക്കി വെക്കാനാകണം ജൂലൈ 12 നു “ജനങ്ങളുടെ ആവശ്യ”മെന്ന ന്യായം പറഞ്ഞത്.
വ്യവസായ വകുപ്പിന്റെ നീക്കത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയ റവന്യൂ വകുപ്പും കൃഷി വകുപ്പും, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം തന്നെ എടുത്തു കളയുകയാണ് ഇതിലും ഭേദം എന്ന് സര്‍ക്കാരിനോട് അഭിപ്രായപ്പെട്ടതായും അറിയുന്നു. പക്ഷെ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഭേദഗതി നിര്‍ദ്ദേശത്തില്‍ എതിര്‍പ്പുന്നയിച്ച റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കമ്മറ്റിയില്‍ നിന്നും നീക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വരുന്ന 15 ആം തീയതിയില്‍ ഇത് സംബന്ധിച്ച അടുത്ത യോഗം നടക്കും.
എമര്‍ജിംഗ് കേരളയിലെ വന്‍കിട പദ്ധതികള്‍ വിവാദമായപ്പോള്‍ നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നടത്തിയ ശ്രമങ്ങളെ മുന്‍നിര്‍ത്തി ചര്‍ച്ച ഉയര്‍ന്നിരുന്നു. ആ നിര്‍ദ്ദേശത്തെ എമര്‍ജിംഗ് കേരളയുമായി കൂട്ടി വായിക്കരുതെന്നും ആ ആവശ്യം ജനങ്ങളുടെ ആവശ്യം എന്ന നിലയ്ക്ക് വന്നതാണെന്നും വ്യവസായ വകുപ്പുമായി ഇതിനു യാതൊരു ബന്ധവും ഇല്ലെന്നും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ചാനലുകളിലും മറ്റും പ്രത്യക്ഷപ്പെട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യവസായ വകുപ്പിലെ ജി1 സെക്ഷനില്‍ 2012 ല്‍ തുടങ്ങിയ ഒരു ഫയലില്‍ ഇത് സംബന്ധിച്ച മുഴുവന്‍ നടപടികളും ഒരു വര്‍ഷമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് മറച്ചു വെച്ച് മന്ത്രി പച്ചക്കള്ളം പറയുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമാവുന്നു. കള്ളം പറഞ്ഞതിന് പിന്നിലെ താല്‍പ്പര്യമാണ് ഇനി വെളിപ്പെടാന്‍ ഉള്ളത്. ആ താല്‍പ്പര്യം അധികം വൈകാതെ പുറത്തു വരും.