ഹരീഷ് വാസുദേവന്‍
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നത് സാധാരണക്കാരന് വേണ്ടിയല്ലെന്നും എമര്‍ജിംഗ് കേരളയിലെ വന്‍കിട പദ്ധതികള്‍ക്ക് വേണ്ടിയാണെന്നും ഉള്ള സംശയം ബലപ്പെടുത്തുന്ന രേഖകള്‍ ഡൂള്‍ന്യൂസിന് ലഭിച്ചു. 2012 ജൂണ്‍ 13 നു മുഖ്യമന്ത്രിയുടെ യോഗഹാളില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ നിയമഭേദഗതി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വെച്ചത് വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സപ്തംബര്‍ 12 ന് ഡൂള്‍ന്യൂസ് പുറത്തു വിട്ടിരുന്നു.
നിയമഭേദഗതിക്കായി വ്യവസായ വകുപ്പ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ എമര്‍ജിംഗ് കേരളയില്‍ വെച്ചിട്ടുള്ള ഒട്ടുമിക്ക പദ്ധതികള്‍ക്കും നിലം നികത്താനുള്ള അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.[]
ഓരോ വന്‍കിട പദ്ധതിക്കും ആവശ്യമുള്ള ആകെ ഭൂമിയും അതില്‍ സര്‍ക്കാരിന്റെ കൈവശമുള്ളതും ഏറ്റെടുക്കെണ്ടതും അതില്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും ആയതെത്ര എന്നതും വിശദീകരിച്ചുകൊണ്ട് വ്യവസായ വകുപ്പ് സര്‍ക്കാരിന് നേരത്തേ തന്നെ കത്ത് നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും ആണ് ഇപ്രകാരം ഏറ്റെടുക്കാനും നികത്താനും വ്യവസായ വകുപ്പ് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇതുവരെ 13000 ഏക്കറോളം ഭൂമി ഏറ്റെടുക്കാനും അതില്‍ 2000 ലധികം ഏക്കര്‍ ഭൂമി നെല്‍വയല്‍ നീര്‍ത്തടങ്ങള്‍ ആയതിനാല്‍ നികത്താനും ആണ് വ്യവസായ വകുപ്പ് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിക്കും പാലക്കാടിനും ഇടയിലെ നിംസ് പദ്ധതിക്കായി ആകെ 13,000 ഏക്കര്‍ സ്ഥലം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ 4250 ഏക്കര്‍ സര്‍ക്കാരിന്റെ കയ്യിലുണ്ടെന്നും ബാക്കി 8750 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നും റേഖകള്‍ വ്യക്തമാക്കുന്നു. 500 ഏക്കര്‍ നെല്‍വയല്‍ എന്ന് രേഖകളില്‍ കാണിച്ചിട്ടുള്ള സ്ഥലം തരിശു ഭൂമിയാണെന്നും വ്യവസായ വകുപ്പ് പറയുന്നു.
കൊച്ചിയിലെ പെട്രോ കെമിക്കല്‍ വ്യവസായത്തിന് ആകെ 4000 ഏക്കര്‍ വേണമെന്നും അതില്‍ 2400 ഏക്കര്‍ കയ്യിലുണ്ടെന്നും ബാക്കി ഏറ്റെടുക്കേണ്ട 1600 ഏക്കറില്‍ 350 ഏക്കര്‍ നെല്‍വയല്‍ ആണെന്നും ഫയലിലുണ്ട്. അങ്കമാലിയിലെ വ്യവസായ പാര്‍ക്കിനു ആകെ ആവശ്യമുള്ള 472 ഏക്കറും ആമ്പല്ലൂര്‍ ഇലക്ക്‌ട്രോണിക്‌സ് പാര്‍ക്കിനു ആകെ വേണ്ട 334 ഏക്കറും തൃശൂര്‍ നെമ്മിനിക്കരയിലെ വ്യവസായ പാര്‍ക്കിനായി ആകെ ആവശ്യമുള്ള 100 ഏക്കറും നെല്‍വയലോ നീര്‍ത്തടമോ ആണ്.
നീര്‍ത്തടങ്ങള്‍ തരിശു കിടക്കുന്നു എന്നാണു അത് നികത്തുന്നതിനായി വ്യവസായ വകുപ്പിന്റെ വാദം എന്നതും ശ്രദ്ധേയമാണ്. ഇതുപോലെ എമര്‍ജിംഗ് കേരളയിലെ ഓരോ വന്‍കിട പദ്ധതികള്‍ക്കും വേണ്ടി ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച വിശദ വിവരങ്ങള്‍ വ്യവസായ വകുപ്പില്‍ ലഭ്യമാണെന്നു മാത്രമല്ല, നെല്‍വയലുകള്‍ നികത്തിയെടുക്കുന്നതിനുള്ള അനുമതിക്കായി അവര്‍ കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.