എന്‍.സി.ഇ.ആര്‍.ടിയുടെ മുഖ്യ ഉപദേഷ്ടാക്കളായി പേര് നല്‍കിയതില്‍ ലജ്ജ തോന്നുന്നു; നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് പാല്‍ഷിക്കറും യാദവും
national news
എന്‍.സി.ഇ.ആര്‍.ടിയുടെ മുഖ്യ ഉപദേഷ്ടാക്കളായി പേര് നല്‍കിയതില്‍ ലജ്ജ തോന്നുന്നു; നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് പാല്‍ഷിക്കറും യാദവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th June 2023, 10:28 pm

ന്യൂദല്‍ഹി: എല്ലാ പെളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നും മുഖ്യ ഉപദേഷ്ടാക്കളുടെ പേരിന്റെ സ്ഥാനത്ത് നിന്ന് തങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി പൊളിറ്റിക്കല്‍ സയന്റിസ്റ്റുകളായ സുഹാസ് പാല്‍ഷിക്കറും യോഗേന്ദ്ര യാദവും. പാഠപുസ്ത്കങ്ങളെ വികൃതമാക്കുകയും അവയെ അക്കാദമികായി പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തതിനാല്‍ പേര് എടുത്തുമാറ്റാനായി എന്‍.സി.ഇ.ആര്‍.ടിക്ക് ഇരുവരും കത്തയച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളുടെ ഉപദേഷ്ടാക്കളാണ് യാദവും പല്‍ഷിക്കറും.

‘യുക്തിവാദത്തിന്റെ പേരില്‍ പുതിയ മാറ്റങ്ങള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ അധ്യാപനത്തിന്റെ യുക്തി ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. പാഠപുസ്തകം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമാക്കി. എണ്ണമറ്റതും യുക്തിരഹിതവുമായ വെട്ടിക്കുറക്കലുകളാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.

ഞങ്ങളോട് ഈ മാറ്റത്തെക്കുറിച്ച് അറിയിച്ചിട്ടില്ല. എന്‍.സി.ആര്‍.ടി മറ്റ് വിദഗ്ദരോട് ആലോചിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ പൂര്‍ണമായും വിയോജിക്കുന്നു,’ എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ദിനേഷ് സക്‌ലാനിക്ക് അയച്ച കത്തില്‍ പറയുന്നു.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (NCF) 2005 പതിപ്പിനെ അടിസ്ഥാനമാക്കി 2006-7ല്‍ പ്രസിദ്ധീകരിച്ച 9-12 വരെയുള്ള പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളുടെ മുഖ്യ ഉപദേഷ്ടാക്കളാണ് യാദവും പല്‍ഷിക്കറും. അവരുടെ പേരുകള്‍ പാഠപുസ്തകത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

‘ഈ പാഠപുസ്തകങ്ങളിലെ ഉപദേഷ്ടാക്കളായി ഞങ്ങളുടെ പേര് നിര്‍ദേശിച്ചതില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു. ഞങ്ങള്‍ രണ്ട് പേരുടെയും പേരുകള്‍ ഈ പാഠപുസ്തകങ്ങളിലും വെബ്‌സൈറ്റുകളിലും ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇത്തരം വെട്ടിക്കുറക്കലുകള്‍ ഏതൊരു ടെക്സ്റ്റിന്റെയും ആത്‌മാവിനെയാണ് ഇല്ലാതാക്കുന്നതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വിമര്‍ശനാത്മകവും ചോദ്യം ചെയ്യുന്നതുമായ മനോഭാവം ഇല്ലാതാക്കരുത്,’ കത്തില്‍ പറയുന്നു.

സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി നിരവധി പാഠഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി എടുത്തുക്കളഞ്ഞിരുന്നു. പത്താം ക്ലാസ് പുസ്തകത്തില്‍ നിന്ന് ജനാധിപത്യം, പിരിയോഡിക് ടേബിള്‍, ഊര്‍ജ സ്രോതസ് തുടങ്ങിയ ഭാഗങ്ങളും എടുത്തുകളഞ്ഞിരുന്നു.

പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് ടെക്‌സ്റ്റ്ബുക്കില്‍ നിന്ന് മൗലാന അബുള്‍ കലാം ആസാദ്, ജമ്മു കശ്മീര്‍ ലയിച്ചതുമായി ബന്ധപ്പെട്ട ചരിത്രം തുടങ്ങിയവയും കളഞ്ഞു.

മുഗള്‍ സാമ്രാജ്യം, ഗുജറാത്ത് കലാപം, കര്‍ഷക സമരം തുടങ്ങിയ പാഠഭാഗങ്ങളും വിവിധ പാഠപുസ്തകങ്ങളില്‍ നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്.

content highlights: Embarrassed to be named as chief advisors of NCRT; Palshikar and Yadav asking for removal