സാന്‍ ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ മേധാവി സ്ഥാനത്ത് നിന്നും താന്‍ രാജി വെക്കണമോ എന്നത് സംബന്ധിച്ച് വോട്ട് ചെയ്യാന്‍ ട്വിറ്റര്‍ യൂസേഴ്‌സിനോട് ആവശ്യപ്പെട്ട് മേധാവി ഇലോണ്‍ മസ്‌ക്.
കമ്പനിയുടെ ഏറ്റവും പുതിയ നയം മാറ്റം വിവാദമാകുകയും ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണിത്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ”സൗജന്യ പ്രൊമോഷന്‍” ട്വിറ്ററില്‍ ഇനി അനുവദിക്കില്ലെന്ന പ്രഖ്യാപനം ഉപയോക്താക്കള്‍ക്കിടയില്‍ തിരിച്ചടി സൃഷ്ടിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ വോട്ടെടുപ്പ് നീക്കം.
”ഞാന്‍ ട്വിറ്ററിന്റെ മേധാവി സ്ഥാനം ഒഴിയണോ? ഈ വോട്ടെടുപ്പിന്റെ ഫലം ഞാന്‍ പാലിക്കും,” എന്നാണ് മസ്‌ക് ഞായറാഴ്ച ട്വീറ്റ് ചെയ്തത്.
”ഏതോ പഴഞ്ചൊല്ലില്‍ പറയുന്നത് പോലെ, നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുക, കാരണം നിങ്ങള്‍ക്കത് ലഭിച്ചേക്കാം,” എന്നും മസ്‌ക് മറ്റൊരു ട്വീറ്റില്‍ പറയുന്നു.
As the saying goes, be careful what you wish, as you might get it
— Elon Musk (@elonmusk) December 18, 2022
തിങ്കളാഴ്ച രാവിലെ വരെ, ഏകദേശം 10.5 ദശലക്ഷം ഉപയോക്താക്കള്‍ വിഷയത്തില്‍ വോട്ട് ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 57.5 ശതമാനം പേര്‍ മസ്‌ക് സ്ഥാനമൊഴിയണമെന്നാണ് വോട്ട് ചെയ്തത്.
Should I step down as head of Twitter? I will abide by the results of this poll.
— Elon Musk (@elonmusk) December 18, 2022
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മാസ്റ്റോഡോണ്‍ തുടങ്ങീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി യൂസര്‍നെയിമും അക്കൗണ്ടുകളിലേക്കുള്ള ലിങ്കുകളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോക്താക്കളെ ഇനി അനുവദിക്കില്ലെന്നായിരുന്നു ട്വിറ്റര്‍ ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.