മൂന്ന് പതിറ്റാണ്ടിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വനിത: പ്രഖ്യാപനവുമായി മക്രോണ്‍
World News
മൂന്ന് പതിറ്റാണ്ടിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വനിത: പ്രഖ്യാപനവുമായി മക്രോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th May 2022, 10:03 am

പാരിസ്: തൊഴില്‍ മന്ത്രി എലിസബത്ത് ബോണിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാന്‍സിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വനിതയെത്തുന്നത്. നിലവിലെ പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് പ്രസിഡന്റിന് രാജിക്കത്ത് കൈമാറിയ പശ്ചാത്തലത്തിലാണ് മാക്രോണിന്റെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്താന്‍ പദ്ധതിയിടുന്നതിന് മുന്നോടിയായാണ് ജീന്‍ കാസ്റ്റെക്സിന്റെ രാജി. രാജിക്ക് പിന്നാലെ പുതിയ പ്രധാനമന്ത്രിയെ ചൊല്ലിയുള്ള അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. പാരിസ്ഥിതികമായ യോഗ്യതയും, ഇടതുപക്ഷക്കാരിയുമായ വനിതയെ പ്രധാനമന്ത്രിയായി വേണമെന്ന് മക്രോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ടാം ടേമില്‍ സ്‌കൂളുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന മക്രോണിന്റെ പ്രഖ്യാപനത്തെ സാധൂകരിക്കുന്നതായിരുന്നു പുതിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

2020 മുതല്‍ മക്രോണിന്റെ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഗതാഗത മന്ത്രിയായും പരിസ്ഥിതി പരിവര്‍ത്തന മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു.

ജൂണില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മക്രോണ്‍ സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് പുതിയ പ്രദാനമന്ത്രിയുടെ ആദ്യ ദൗത്യം.

ഭക്ഷണത്തിന്റെയും ഊര്‍ജത്തിന്റെയും വില കുതിച്ചുയരുന്ന ഫ്രാന്‍സിലെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പരിഹരിക്കുന്നതിനുള്ള ബില്ല് മാക്രോണ്‍ വാഗ്ദാനം ചെയ്തിരുന്നു. ഏറ്റവും കുറഞ്ഞ വിരമിക്കല്‍ പ്രായം 62 ല്‍ നിന്ന് 65 ആക്കി ഉയര്‍ത്തുമെന്നും മക്രോണ്‍ വാഗ്ദാനം ചെയ്തിരുന്നു.

1991 മെയ് മുതല്‍ 1992 ഏപ്രില്‍ വരെ മാത്രമാണ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായ എഡിത്ത് ക്രെസണ്‍ സേവനമനുഷ്ഠിച്ചത്.

Content Highlight: Elisabeth Borne to be the prime minister of France after three decades