എല്‍ഗാര്‍ പരിഷദ് കേസ്; രണ്ട് കബീര്‍ കാലാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് എന്‍.ഐ.എ
national news
എല്‍ഗാര്‍ പരിഷദ് കേസ്; രണ്ട് കബീര്‍ കാലാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് എന്‍.ഐ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2020, 10:02 am

മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ രണ്ട് കബീര്‍ കാലാ മഞ്ച് ആക്റ്റിവിസ്റ്റുകളെക്കൂടി അറസ്റ്റ് ചെയ്ത് എന്‍.ഐ.എ. സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്‌ച്ചോര്‍ എന്നീ ആക്റ്റിവിസ്റ്റുകളെയാണ് അറസ്റ്റ് ചെയ്തത്.

ഇരുവരുടെയും അറസ്റ്റോടുകൂടി അഭിഭാഷകരും ആക്റ്റിവിസ്റ്റുകളും അക്കാദമീഷ്യന്‍സും അടക്കം 14 പേര്‍ എല്‍ഗാര്‍ പരിഷദ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

ഭീമ കൊറേഗാവ് സംഭവത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷദ് പരിപാടിയില്‍ മറാത്തികളെയും ദളിതുകളെയും ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത്. എല്‍ഗാര്‍ പരിഷദില്‍ പങ്കെടുത്തവരുടെ പ്രസംഗമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് ആരോപിച്ചിരുന്നു.

എല്‍ഗാര്‍ പരിഷാദ് സംഘടിപ്പിച്ചവരെയും അതില്‍ പങ്കെടുത്തവരെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ എല്‍ഗാര്‍ പരിഷാദില്‍ പ്രസംഗിച്ചിരുന്നു.

എന്‍.ഐ.എ നിര്‍ബന്ധിപ്പിച്ച് മൊഴിയെടുക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ സാഗര്‍ ഗോര്‍ഖെയും രമേഷ് ഗായ്‌ച്ചോറും പറഞ്ഞു. ‘മാവോയിസ്റ്റ് സംഘടനകളുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടെന്ന വ്യാജമൊഴി നല്‍കാന്‍ എന്‍.ഐ.എ നിര്‍ബന്ധിച്ചു. മാപ്പ് എഴുതിക്കൊടുക്കാനും അവര്‍ ആവശ്യപ്പെട്ടു’, അറസ്റ്റിലായവര്‍ പറഞ്ഞു.

തങ്ങള്‍ സവര്‍ക്കറുടെ സന്തതികളല്ലെന്നും അംബേദ്ക്കറുടെ സന്തതികളാണെന്നും ഗോര്‍ഖെയും ഗായ്‌ച്ചോറും സെപ്റ്റംബര്‍ അഞ്ചിന് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. എല്‍ഗാര്‍ പരിഷദ് പരിപാടിയെ മാവോയിസ്റ്റ് പരിപാടിയാക്കി മാറ്റാനുള്ള ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്നും ഇവര്‍ ആരോപിച്ചു.

ദല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിനെയും ഇതേ കേസില്‍ ജൂലൈ 28ന് അറസ്റ്റ് ചെയ്തിരുന്നു. ഗോര്‍ഖെയെയും ഗായ്‌ച്ചോറിനെയും ചോദ്യം ചെയ്യാനായി നിരവധി തവണ എന്‍.ഐ.എ വിളിച്ചുവരുത്തിയിരുന്നു. കബീര്‍ കാലാ മഞ്ച് ആക്റ്റിവിസ്റ്റുകള്‍ ഇതിന് മുമ്പും അറസ്റ്റിലായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: elgar parishad case nia arrests two kabir kala manch activists