ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു; രക്ഷാപ്രവർത്തനം ഊർജ്ജിതം
Kerala News
ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു; രക്ഷാപ്രവർത്തനം ഊർജ്ജിതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 8:18 pm
രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ആളുകൾക്ക് മീതെ മണ്ണും, വെള്ളവും വന്നു വീഴുകയായിരുന്നു

വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ചൂരല്‍മല ടൗണ്‍ വരെയാണ് വൈദ്യുതി എത്തിച്ചിരിക്കുന്നത്.

ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്.

ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്.

മുണ്ടക്കൈ, ചൂരൽ മല പ്രദേശം മേപ്പാടി സെക്ഷനിൽ നിന്നും ഏകദേശം 16 കി മി അകലെയാണ്. കനത്ത മഴയിൽ ഇന്നലെ മുതൽക്കുതന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു . ഉരുൾപൊട്ടൽ ഉണ്ടായ പുലർച്ചെ 2 മണി മുതൽ സെക്ഷനിലെ ജീവനക്കാർ ഫീൽഡിൽ ഉണ്ടായിരുന്നു.

ഏകദേശം പുലർച്ചയോടു കൂടി ഉരുൾപൊട്ടൽ നടന്ന ഭാഗത്ത് നിന്നും നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃ സ്ഥാപിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. 2 മണിയോടെ ഉരുൾപൊട്ടലിൽ പാലം ഒലിച്ചുപോയ ചൂരൽമല ടൗണ്‍ വരെ 11 കെ.വി ലൈൻ പുനഃ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻ കുട്ടി അറിയിച്ചു.

രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ആളുകൾക്ക് മീതെ മണ്ണും, വെള്ളവും വന്നു വീഴുകയായിരുന്നു. പുലർച്ചെ രണ്ടിനാണ് ആദ്യ ഉരുൾ പൊട്ടൽ ഉണ്ടായത്. ശേഷം 4:10 ന് വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടാവുകയായിരുന്നു.

Content Highlight: electricity connection has been restored in the area near the disaster area