Daily News
നാല് വര്‍ഷത്തിനുശേഷം ശ്യാമപ്രസാദ് ചിത്രം 'ഇലക്ട്ര 'പ്രദര്‍ശനത്തിനെത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 14, 01:01 pm
Monday, 14th July 2014, 6:31 pm

elc[] അയ്യായിരം വര്‍ഷം പഴക്കമുള്ള ഗ്രീക്ക് മിത്തോളജിയിലെ ഇലക്ട്ര രാജകുമാരിയുടെ കഥ പറയുന്ന ശ്യാമപ്രസാദ് ചിത്രം “ഇലക്ട്ര” നാലു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിനെത്തുന്നു. സിനിമ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ ശ്യാമപ്രസാദ് അറിയിച്ചു.

നയന്‍താര, മനീഷ കൊയ്‌രാള, പ്രകാശ് രാജ് എന്നിവരെ മുഖ്യകഥാപത്രങ്ങളാക്കി 2010ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും ചിത്രം പ്രേക്ഷകരിലെത്തിയിരുന്നില്ല.

തീര്‍ത്തും സാമ്പത്തികമായ ചില ബാധ്യതകള്‍ കൊണ്ടാണ് സിനിമയുടെ റിലീസിങില്‍ തടസ്സമുണ്ടായതെന്ന് സംവിധായകന്‍ ശ്യാമപ്രസാദ് പറഞ്ഞു. നിര്‍മ്മാതാവ് വിന്ധ്യന്റെ മരണം സിനിമയുടെ കടബാധ്യതയിലേക്കെത്തിച്ചു. ബാധ്യതകളൊക്കെ പരിഹരിച്ച് മൂന്നു മാസത്തിനുള്ളില്‍ ഇലക്ട്ര പ്രദര്‍ശനത്തുമെന്ന് ശ്യാമപ്രസാദ് അറിയിച്ചു.

ഗ്രീക്ക് മിത്തോളജിയെ കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് പറിച്ചു നടുകയാണ് ഇലക്ട്രയിലൂടെ സംവിധായകന്‍. ഹൈറേഞ്ചിലുള്ള വളരെ പ്രതാപിയായ ക്രിസ്ത്യന്‍ കുടുംബത്തിലെ ഒരു പ്ലാന്ററുടെ വീട്ടില്‍ രണ്ട് മൂന്ന് തലമുറകളായി നടക്കുന്ന ഒരു കഥയുടെ രൂപത്തിലാണ് ഇലക്ട്രയെ സന്നിവേശിപ്പിച്ചിരിക്കുന്നത്.

ഒരു മകള്‍ക്ക് (നയന്‍താര) അച്ഛനോടുള്ള അമിതമായ ലോയല്‍റ്റിയുടെ കഥ. അച്ഛന്‍ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞ മകളുടെ രോഷവും അതിന്റെ പ്രതികാരവുമാണ് ഇലക്ട്രയിലൂടെ ശ്യാമപ്രസാദ് പറയുന്നത്.ചിത്രത്തില്‍ ഇലക്ട്രയായി നയന്‍താര എത്തുന്നു. ഇലക്ട്രയുടെ അമ്മ ഡയാനയായി മനീഷ കൊയ്‌രാള അഭിനയിക്കുന്നു. മനീഷ കൊയ്‌രാളയുടെ ആദ്യ മലയാളചിത്രമാണ് ഇലക്ട്ര.

കഥയിലുള്ള താത്പര്യംകൊണ്ടാണ് പ്രകാശ് രാജും നയന്‍താരയും മനീഷ കൊയ്‌രാളയും ഈ ചിത്രത്തില്‍ സഹകരിച്ചതെന്നും ശ്യാമപ്രസാദ് പറഞ്ഞു.

സോഫോക്ലിസ് മുതല്‍ നിരവധി തലമുറകളിലെ സാഹിത്യകാരന്മാരെ ആവേശം കൊള്ളിച്ച ഗ്രീക്ക് മിത്തില്‍ നിന്നുള്ള ആവിഷ്‌ക്കാരമാണ് ഇലക്ട്ര. പല സിനിമാ, നാടക വ്യാഖ്യാനങ്ങളും അതിനുണ്ടായിട്ടുണ്ട്. ആ തീമിനെ പലരും പല രീതിയിലാണ് സമീപിച്ചത്.

ഇലക്ട്ര അടിസ്ഥാനപരമായി ഒരു കുടുംബ ചിത്രമാണ്. അച്ഛന്‍, അമ്മ, മകന്‍, മകള്‍ എന്ന കുടുംബവ്യവസ്ഥയ്ക്കിടയിലെ വിള്ളലിന്റെയും വിസ്‌ഫോടനത്തിന്റെയും കഥ. അതിനകത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. അത് ഒരു അച്ഛന്റെയും മകന്റെയും മകളുടെയും കാഴ്ചയില്‍ കാണാന്‍ ശ്രമിക്കുകയാണ്. അച്ഛനോട് കടുത്ത ഭക്തിയും കടപ്പാടും വിധേയത്വവും സ്‌നേഹത്തിന്റെ തീവ്രതയും കാത്തുസൂക്ഷിക്കുമ്പോഴും അച്ഛന്‍ വഞ്ചിക്കപ്പെടുകയാണ് എന്നറിയുമ്പോള്‍ ഉണ്ടാകുന്ന റിയാക്ഷന്‍. പ്രത്യേക സാഹചര്യത്തില്‍ അവിടെ ഒരു െ്രെകം നടന്നു. അതിന്റെ അന്വേഷണം. തുടര്‍ന്നുള്ള പ്രതികാരം എല്ലാം ഇവിടെ ചേര്‍ന്നു പോകുന്നു. ഒരര്‍ഥത്തില്‍ ഒരു ഫാമിലി സ്‌റ്റോറി, മറ്റൊരര്‍ഥത്തില്‍ ഒരു െ്രെകം ഡിറ്റക്ഷന്‍ സ്‌റ്റോറി.”” ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ശ്യാമപ്രസാദ് പറയുന്നു.

2010ല്‍ തിരുവനന്തപുരം ഇന്റര്‍നാഷ്ണല്‍ ഫിലം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

രസിക എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ വിന്ധ്യന്‍ നിര്‍മ്മിച്ച അവസാന ചിത്രമാണ് ഇലക്ട്ര. ശ്യാമപ്രസാദും കിരണ്‍പ്രഭാകറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബിജുമേനോന്‍, പി.ശ്രീകുമാര്‍, സ്‌കന്ദ, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റുതാരങ്ങള്‍. സനുജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ്  വിനോദ് സുകുമാര്‍.