Entertainment
എന്നോട് തന്നെ സിനിമകള്‍ സ്വയം തെരഞ്ഞെടുക്കാനാണ് ആ നടന്‍ അന്ന് പറഞ്ഞത്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 06:39 am
Thursday, 23rd January 2025, 12:09 pm

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. വിനീത് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അജു തന്റെ സിനിമാജീവിതം ആരംഭിച്ചത്.

പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ അജുവിന് സാധിച്ചിരുന്നു. ഹെലന്‍ എന്ന ചിത്രത്തിലൂടെ നെഗറ്റീവ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു വര്‍ഗീസ് തെളിയിച്ചു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ സഹ സംവിധായകനായും നടന്‍ പ്രവര്‍ത്തിച്ചിരുന്നു.

സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലും മുന്നോട്ടുള്ള യാത്രയിലും സിനിമയിലെ ഗുരുവും സുഹൃത്തും വഴികാട്ടിയുമൊക്കെയായ വിനീത് ശ്രീനിവാസന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അജു വര്‍ഗീസ്.

തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസനെന്നും എന്നാല്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വിനീതിനോട് ചോദിക്കാറില്ലെന്നും നടന്‍ പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘എന്റെ അഭിനയ ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഞാന്‍ വിനീതിനോട് അങ്ങനെ ചോദിക്കാറില്ല എന്നതാണ് സത്യം.

സിനിമകള്‍ സ്വയം തെരഞ്ഞെടുക്കാന്‍ വിനീത് തന്നെയായിരുന്നു എന്നോട് പണ്ട് പറഞ്ഞിരുന്നത്. അങ്ങനെ സ്വയം തെരഞ്ഞെടുക്കുന്ന സമയത്ത് അതില്‍ ചിലപ്പോള്‍ തെറ്റും ശരികളും സംഭവിക്കാം,’ അജു വര്‍ഗീസ് പറയുന്നു.

ഇപ്പോഴും സംവിധായകരോട് ചാന്‍സ് ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിനും നടന്‍ അഭിമുഖത്തില്‍ മറുപടി നല്‍കി. ചാന്‍സ് ചോദിക്കാറുണ്ടെന്നും എന്നാല്‍ അതില്‍ പ്രത്യേകമായ ഒരാളുടെ പേരെടുത്ത് പറയാന്‍ കഴിയില്ലെന്നുമാണ് അജു പറഞ്ഞത്.

‘സംവിധായകരോട് ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ട്. എന്നാല്‍ അതില്‍ പ്രത്യേകമായ ഒരാളുടെ പേരെടുത്ത് പറയാന്‍ കഴിയില്ല. അഭിനേതാക്കളെക്കൊണ്ട് മികച്ച രീതിയില്‍ അഭിനയിപ്പിക്കുന്ന ഒരുപാട് സംവിധായകര്‍ നമുക്കുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese Talks About Vineeth Sreenivasan