Sports News
2009ല്‍ യുവരാജ്, 2025ല്‍ അഭിഷേക്; ഫാസ്റ്റ് ഏന്‍ഡ് ഫ്യൂരിയേഴ്‌സ് റെക്കോഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വെടിക്കെട്ട് വീരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 23, 08:39 am
Thursday, 23rd January 2025, 2:09 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ഇറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. 34 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 79 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 232.35 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് ശര്‍മ താണ്ഡവമാടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയില്‍ നടന്ന ടി-20ഐയില്‍ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ അര്‍ധ സെഞ്ച്വറി നേടാനാണ് താരത്തിന് സാധിച്ചത്. 20 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്.

ഇന്ത്യയില്‍ ടി-20ഐയില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍, പന്ത്, എതിരാളി, വര്‍ഷം

സൂര്യകുമാര്‍ യാദവ് – 18 പന്ത് – സൗത്ത് ആഫ്രിക്ക – 2022

ഗൗതം ഗംഭീര്‍ – 19 പന്ത് – ശ്രീലങ്ക – 2009

അഭിഷേക് ശര്‍മ – 20 പന്ത് – ഇംഗ്ലണ്ട് – 2025*

യുവരാജ് സിങ് – 20 പന്ത് – ശ്രീലങ്ക – 2009

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ തിരിച്ചടിയിലും താങ്ങി നിര്‍ത്തിയത് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് പ്രകടനമാണ്. ബാറ്റിങ്ങില്‍ 44 പന്തില്‍ നിന്ന് 68 റണ്‍സാണ് താരം നേടിയത്. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 154.55 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. നേരിട്ട 34ാം പന്തിലാണ് ബട്ലര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം ബട്ലറടക്കം മൂന്ന് പേരെയാണ് താരം പുറത്താക്കിയത്. അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: Abhishek Sharma In Great Record Achievement