Entertainment
ആ നടൻ അതിന് തയ്യാറായില്ലെങ്കിൽ എന്നിലെ അഭിനേതാവ് ഉണ്ടാവില്ലായിരുന്നു: ലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 07:06 am
Thursday, 23rd January 2025, 12:36 pm

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് ലാല്‍. റാംജിറാവു സ്പീക്കിങ് എന്ന ചിത്രം സിദ്ദിഖുമൊത്ത് സംവിധാനം ചെയ്ത ലാല്‍ അഭിനയത്തിലും നിര്‍മാണത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. സിദ്ദിഖുമായി പിരിഞ്ഞ ശേഷവും അദ്ദേഹം ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ ഹിറ്റുകള്‍ ഒരുക്കി.

ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയിലാണ് ലാൽ ആദ്യമായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നടൻ മുരളിയായിരുന്നു ആ സിനിമയിൽ ആദ്യം അഭിനയിക്കേണ്ടത് എന്നാൽ തിരക്കുകൾ കാരണം ആ കഥാപാത്രം തന്നെ തേടി വന്നുവെന്നും ലാലിന് പറ്റിയില്ലെങ്കിൽ വരാമെന്നാണ് മുരളി അന്ന് പറഞ്ഞതെന്നും ലാൽ പറയുന്നു. മുരളി അന്നതിന് തയ്യാറായില്ലെങ്കിൽ തന്നിലെ നടൻ ഉണ്ടാവില്ലായിരുന്നുവെന്നും പിന്നീട് വന്നതെല്ലാം വില്ലൻ കഥാപാത്രങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മുരളിച്ചേട്ടൻ പകരക്കാരനായി നിൽക്കാം എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ കളിയാട്ടത്തിൽ അഭിനയിക്കാൻ പോയത്. പറ്റുന്നില്ലെങ്കിൽ രണ്ടുദിവസംകൊണ്ട് എല്ലാം മതിയാക്കി തിരിച്ചുപോരും എന്നാണ് ഞാൻ വെച്ച നിബന്ധന. മുരളിയുമായി ജയരാജ് ഇത് സംസാരിച്ചപ്പോൾ ലാലിന് പറ്റിയില്ലെങ്കിൽ ഞാൻ വരും എന്ന് പറഞ്ഞു. അദ്ദേഹം അന്ന് അതിന് തയ്യാറായില്ലെങ്കിൽ ലാൽ എന്ന നടൻ ഉണ്ടാകുമായിരുന്നില്ല.

കളിയാട്ടം ആദ്യത്തെയും അവസാനത്തെയും സിനിമ എന്ന രീതിയിലാണ് ഞാൻ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രിവ്യൂ ഷോ തിരുവനന്തപുരത്തായിരുന്നു. അപ്പനെയൊക്കെ കൂട്ടിയിട്ടാണ് ഞാൻ പോയത്. അപ്പൻ പിറകിലെ സീറ്റിലും ഞാൻ കുറേ മുന്നിലുമായി ഇരുന്നു. പടം കഴിഞ്ഞപ്പോൾ പിറകിലൂടെ വന്ന് അപ്പൻ മുതുകത്തൊരു തട്ട് തട്ടി ഇറങ്ങിപ്പോയി. ‘കലക്കിയെടാ’ എന്നാണ് അന്ന് അപ്പൻ പറയാതെ പറഞ്ഞത്. അതോടെ അഭിനയം കൊള്ളാമല്ലേ എന്ന തോന്നൽ വന്നു.

പഞ്ചാബി ഹൗസിന് ശേഷമാണ് സ്ത്രീകളും കുട്ടികളും എൻ്റെ അടുത്തേക്ക് വരാൻ തുടങ്ങിയത്. കളിയാട്ടം, ഓർമച്ചെപ്പ്, കന്മദം തുടങ്ങി ആദ്യസിനിമകളിലെല്ലാം നെഗറ്റീവ് ടച്ചുള്ള സൈക്കോ കഥാപാത്രങ്ങളായിരുന്നു. അതൊക്കെ കണ്ട പ്രേക്ഷകർ ഇയാളിത്തിരി കുഴപ്പക്കാരനാണെന്ന് വിചാരിച്ചു.

എന്നെ കാണുമ്പോൾ ആളുകൾ അൽപം മാറിനടന്നു. എന്നാൽ പഞ്ചാബിഹൗസ് കണ്ടതോടെ ഇതെൻ്റെ ചേട്ടനാണ് എന്നൊരു ഭാവം പ്രേക്ഷകരിൽ വന്നു. ഇതുപോലൊരു ചേട്ടനുണ്ടായിരുന്നെങ്കിൽ എന്ന് പല പെൺകുട്ടികളും പറഞ്ഞു. അതോടെ വില്ലൻവേഷങ്ങൾ വേണ്ടെന്ന് തീരുമാനിച്ചു,’ലാൽ പറയുന്നു.

Content Highlight: Lal About His Character In Kaliyattam Movie