ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവത്തിന് മങ്ങലേല്‍ക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നോട്ടു നിരോധനത്തിന് പിന്നാലെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് മോദി മുന്നില്‍ കാണുന്നത്. അതിന് കോട്ടം തട്ടിയാലത് കനത്ത തിരിച്ചടിയാകും.
രാവിലെ എട്ടു മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. പതിനൊന്ന് മണിയോടെ ആദ്യ സൂചനകള്‍ ലഭ്യമാകും. ഉച്ച കഴിയുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. എക്‌സിറ്റ് പോളുകള്‍ പ്രകാരം ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭരണമാറ്റമുണ്ടാകും എന്നാണ് കണക്കാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റേയും ബി.ജെ.പിയുടേയും ഇമേജിന് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റു നോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. 403 സീറ്റുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസ്-എസ്.പി സഖ്യവും ബിജെപിയും ബി.എസ്.പിയും തമ്മിലാണ് മുഖ്യ പോരാട്ടം.
യു.പിയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. അതേസമയം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യതകളും കാണുന്നുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എസ്.പി ഭരണത്തിന്‍ കീഴിലുള്ള യുപിയില്‍ ബി.ജെ.പിയുടെ മുന്നേറ്റമുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ ബി.ജെ.പിയെ തടയാന്‍ ബി.എസ്.പിയുടെ പിന്തുണ തേടാനും തയ്യാറാകുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് മായാവതി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
പഞ്ചാബില്‍ മത്സരം നടന്നത് 117 സീറ്റുകളിലാണ്. ഭരണസഖ്യമായ അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് തിരിച്ചടി നേരിടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ആം ആദ്മിയുടെ മുന്നേറ്റമാണ് പഞ്ചാബില്‍ പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനും തുല്യ സാധ്യതയുണ്ട്. എ.എ.പിയ്ക്ക് 59 മുതല്‍ 67 സീറ്റുവരെ നേടാന്‍ സാധിക്കുമെന്നാണ് സീ വോട്ടര്‍ പറയുന്നത്.
ഗോവയില്‍ ബി.ജെ.പിയുടെ തുടര്‍ഭരണത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. ബി.ജെ.പിയ്ക്ക് 18 ഉം കോണ്‍ഗ്രസിന് 15 സീറ്റുമാണ് പ്രചിക്കുന്നത്. എ.എ.പിയ്ക്ക് നാല് സീറ്റും സീ വോട്ടര്‍ പ്രവചിക്കുന്നു.
Also Read: വീണ്ടും മലകയറി ടീം ഇന്ത്യ; ഇത്തവണ വിജയം ആഘോഷിക്കാന്‍; സുന്ദര നിമിഷം പങ്കുവച്ച് അശ്വിന്‍
അതേസമയം ഉത്തരാഖണ്ഡില്‍ ഇത്തവണ താമര വിരിയുമെന്നു തന്നെയാണ് കരുതുന്നത്. തൊട്ടു പിന്നാലെ തന്നെ ഹരീഷ് റാവത്തിന്റെ കോണ്‍ഗ്രസുമുണ്ട്. നാല്‍പ്പതോളം സീറ്റുകളില്‍ ബി.ജെ.പിയും മുപ്പത് സീറ്റുകളിലും കോണ്‍ഗ്രസും ജയിക്കുമെന്നാണ് എം.ആര്‍.സി പ്രവചിക്കുന്നത്. ഇന്ത്യാ ടുഡെ സര്‍വ്വേയിലും ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം.
മണിപ്പൂരില്‍ ഇത്തവണ ബി.ജെ.പിയുടെ മുന്നേറ്റമാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. 25 മുതല്‍ 30 സീറ്റു വരെയാണ് ബി.ജെ.പിയ്ക്ക് ഇന്ത്യ ടി.വിയുടെ പ്രവചനം നല്‍കുന്നത്. പിന്നാലെ കോണ്‍ഗ്രസ് 17 മുതല്‍ 23 വരെ സീറ്റുകളും നേടുമെന്നും പ്രതീക്ഷിക്കുന്നു.