വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ അന്വേഷണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഹരജി തള്ളി ജോര്‍ജിയ സുപ്രീം കോടതി. 2020ലെ തെരഞ്ഞെടുപ്പില്‍ ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഹരജിയാണ് സുപ്രീം കോടതി ഐക്യകണ്‌ഠേന തള്ളിയിരിക്കുന്നത്.
തിങ്കളാഴ്ച കോടതി ഇറക്കിയ അഞ്ച് പേജുള്ള പ്ര്‌സതാവനയില്‍ തന്റെ ഭരണഘടനാ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന ട്രംപിന്റെ ആരോപണങ്ങളും തള്ളിയിട്ടുണ്ട്.
ഫല്‍ട്ടണ്‍ കൗണ്ടി ജില്ലയിലെ അറ്റോര്‍ണി ഫാനി വില്ലിസിനെ തനിക്കെതിരെ കുറ്റം ചുമത്തുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകര്‍ വെള്ളിയാഴ്ച ഹരജി സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് മൂന്ന് ദിവസത്തിന് ശേഷം കോടതി ഹരജി തള്ളിയിരിക്കുന്നത്.
2021ല്‍ ജോര്‍ജിയയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ വില്ലിസ് ട്രംപിനെതിരെ അന്വേഷണം നടത്തുകയായിരുന്നു.
ട്രംപിനെ വിചാരണ ചെയ്യാന്‍ വില്ലിസ് അര്‍ഹനല്ലെന്നും, അന്വേഷണത്തെ കുറിച്ചുള്ള പ്രത്യേക ജൂറി റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും വെള്ളിയാഴ്ചത്തെ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹരജി ഇതുവരെ പൂര്‍ണമായും പുറത്ത് വിട്ടില്ല. ഈ ആവശ്യവും കഴിഞ്ഞ ദിവസം കോടതി തള്ളുകയായിരുന്നു.
ആവശ്യപ്പെട്ട കാര്യങ്ങളില്‍ അര്‍ഹനാണെന്ന് ഹരജിക്കാരന് തെളിയിക്കാന്‍ സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. വില്ലിസിന്റെ അയോഗ്യത വ്യക്തമാക്കാനുള്ള നിയമപരമായ വസ്തുതകളും ട്രംപ് ഹാജരാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
‘പ്രതിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടില്ല. ഗ്രാന്‍ഡ് ജൂറിയുടെ പ്രക്രിയകളില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ജൂറിയുടെ റിപ്പോര്‍ട്ട് അടിച്ചമര്‍ത്താന്‍ യാതൊരു അടിസ്ഥാനവുമില്ല,’ കോടതി പറഞ്ഞു.
ജൂലൈ 11നും സെപ്റ്റംബര്‍ ഒന്നിനുമിടയില്‍ ട്രംപിനെതിരെ കുറ്റം ചുമത്തുമെന്ന് ഫുള്‍ട്ടണ്‍ കൗണ്ടി ഷെരീഫിനയച്ച കത്തില്‍ വില്ലിസ് നേരത്തെ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ട്രംപ് തെരഞ്ഞെടുപ്പ് അട്ടിമറി നടത്തിയോയെന്ന് അന്വേഷിക്കാന്‍ ഒരു ജൂറിയെ നിയോഗിച്ചത്. ജനുവരിയില്‍ ഇത് പിരിച്ചുവിടുകയും ചെയ്തിരുന്നു. 75 സാക്ഷികളില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ട്രംപ് തള്ളിക്കളഞ്ഞു.
തനിക്ക് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കാന്‍ വോട്ടുകള്‍ കണ്ടെത്തണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ജോര്‍ജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫ്‌ഫെന്‍സ്‌പെര്‍ഗറിലോട് ട്രംപ് ഫോണ്‍ കോളിലൂടെ ആവശ്യപ്പെട്ടിരുന്നു.
2021 ജനുവരി 2ന് റാഫെന്‍സ്‌പെര്‍ഗറുമായി നടന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും പ്രചരിക്കുകയുമായിരുന്നു.
തെരഞ്ഞെടുപ്പില്‍ 11,780 വോട്ടുകള്‍ തനിക്ക് ലഭിച്ചാല്‍ മതിയെന്നാണ് ട്രംപ് ഫോണില്‍ സംസാരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ രോഷത്തിലാണെന്നും ഫോണ്‍ കോളിലൂടെ ട്രംപ് പറഞ്ഞിരുന്നു.