പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള ആനുകൂല്യം മുസ്‌ലിങ്ങള്‍ക്ക് നല്‍കണം, 80:20 കണക്കാക്കിയപ്പോള്‍ മൗനം ദീക്ഷിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്; ഇ.കെ സമസ്ത നേതാവ്
Kerala News
പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള ആനുകൂല്യം മുസ്‌ലിങ്ങള്‍ക്ക് നല്‍കണം, 80:20 കണക്കാക്കിയപ്പോള്‍ മൗനം ദീക്ഷിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്; ഇ.കെ സമസ്ത നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th May 2021, 7:36 pm

കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ഇ.കെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളുടെ 100 ശതമാനവും മുസ്‌ലിങ്ങള്‍ക്ക് അവകാശപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ മുസ്‌ലിങ്ങളോട് അന്നത്തെ സര്‍ക്കാര്‍ കാണിച്ച ചതിയായിരുന്നു ഈ 80:20 അനുപാതമെന്നും അദ്ദേഹം പറഞ്ഞു.

അതുവെച്ച് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ 80ശതമാനവും 27 ശതമാനമുള്ള മുസ്‌ലിങ്ങള്‍ കൊണ്ടുപോവുകയും 19 ശതമാനമുള്ള ക്രിസ്ത്യാനികളെ അവഗണിക്കുകയും ചെയ്യുന്നു എന്നു പ്രചരിപ്പിക്കുകയായിരുന്നെന്നും അതൊരു വര്‍ഗീയ ചേരിതിരിവിന് നിമിത്തമായെന്നും അദ്ദേഹം പറഞ്ഞു.

80:20 കണക്കാക്കിയപ്പോള്‍ സഹിഷ്ണുത കാണിച്ചു മൗനം ദീക്ഷിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ മുസ്‌ലിങ്ങള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗം സമര്‍പ്പിച്ചു അതിനനുസരിച്ച് ക്രിസ്ത്യാനികളെ പരിഗണിക്കണമെന്നും പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യവും പൂര്‍ണമായി മുസ്‌ലിങ്ങള്‍ക്ക് തന്നെ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ പാലോളി കമ്മിറ്റി വന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി മുഴുവന്‍ മുസ്ലിങ്ങള്‍ക്കും അവകാശപ്പെട്ടതായിരുന്നു. പക്ഷേ, സര്‍ക്കാര്‍ അതിലേക്ക് ക്രിസ്ത്യാനികളെ കൂടി പരിഗണിച്ചു. ആനുകൂല്യങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് 80ഉം ക്രിസ്ത്യാനികളിലെ പിന്നാക്ക അവസ്ഥ അനുഭവിക്കുന്നവരെ പരിഗണിച്ചു അവര്‍ക്ക് 20ഉം നല്‍കി,’ സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.

ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് വിവാദങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കവേയാണ് വിധി. പൊതുതാത്പര്യ ഹരജിയലാണ് ഇപ്പോള്‍ വിധി ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനുപാതം നിലവില്‍ വന്നത്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യമായ രീതിയില്‍ നടപ്പിലാക്കണം. ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാന്‍.

ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ ഇത് 60:40 എന്ന അനുപാതത്തിലേക്ക് വരും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: EK Samastha leader responds to High Court verdict quashing 80:20 ratio in the distribution of minority welfare schemes