World News
ഒന്നുകില്‍ രാജിവെക്കൂ അല്ലെങ്കില്‍ നിങ്ങള്‍ ഇംപീച്ച് ചെയ്യപ്പെട്ടേക്കാം; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനോട് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 04, 09:10 am
Wednesday, 4th December 2024, 2:40 pm

സിയോള്‍: ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പിന്‍വലിച്ചതിന് പിന്നാലെ പ്രസിഡന്റ് യുന്‍ യുക് സോള്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നു. യുന്‍ സുക് യോള്‍ സ്വമേധയാ രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനെ ഇംപീച്ച്‌മെന്റ് നടപടിക്ക് വിധേയമാക്കും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

എന്നാല്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ പിന്തുണ ആവശ്യമാണ്. കൂടാതെ ഭരണഘടന കോടതിയുടെ അനുമതികൂടി ഉണ്ടെങ്കില്‍ മാത്രമാണ് പ്രമേയം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയുള്ളു. 300 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ മാത്രമാണ് യൂണിന്റെ പാര്‍ട്ടിക്കുള്ളത്.

ഇന്ന് (ബുധനാഴ്ച്ച) സമര്‍പ്പിച്ച പ്രമേയം ശനിയാഴ്ച്ച വോട്ടിനിടും. അതേസമയം സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജിവെക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചതായി ടി.ആര്‍.ടി ന്യൂസ് റിപ്പോര്‍ട്ട ചെയ്തു.

പ്രസിഡന്‍ഷ്യല്‍ സ്റ്റാഫ് രാജി അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിമാര്‍ രാജി സന്നദ്ധത അറിയിച്ചത്.

ഇന്നലെയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റായ യുന്‍ സുക് യോള്‍ ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം തന്നെ അത് പിന്‍വലിക്കുമെന്ന് അറിയിക്കുകയായിരുന്നു. നിയമ പ്രഖ്യാപനത്തിനെതിരെ രാജ്യവ്യാപകമായി യുന്‍ സുക് യോളിനെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു.

രാജ്യത്തെ പ്രതിപക്ഷ ശക്തികള്‍ അയല്‍രാജ്യമായ ഉത്തരകൊറിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും പാര്‍ലമെന്റ് നിയന്ത്രിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. രാജ്യത്തെ വഞ്ചിച്ച് അയല്‍രാജ്യത്തെ സഹായിക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്നും പ്രസിഡന്റ് പറയുകയുണ്ടായി.

1980ന് ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയ പട്ടാള നിയമം പ്രഖ്യാപിക്കുന്നത്. നിയമം ഏര്‍പ്പെടുത്തിയതോടെ പാര്‍ലമെന്റിന്റേയും രാഷ്ട്രീയ കക്ഷികളുടേയും പ്രവര്‍ത്തനം നിരോധിക്കുമെന്നും മാധ്യമങ്ങളടക്കം എല്ലാ പ്രസാധകരും സൈന്യത്തിന്റെ അധീനതയില്‍ ആയിരിക്കുമെന്നും യുന്‍ സുക് യോള്‍ പ്രഖ്യാപിച്ചിരുന്നു.

പാര്‍ലമെന്റിലെ ഒരു ബില്ലുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. പട്ടാള നിയമം നിലവില്‍ വന്നതോടെ സൈന്യം പാര്‍ലമെന്റ് വളഞ്ഞിരുന്നു.

എന്നാല്‍ പ്രസിഡന്റിന്റെ നീക്കത്തിനെതിരെ സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ വലിയ വിമര്‍ശനമാണുയര്‍ന്നത്. 300 സീറ്റുകളുള്ള പാര്‍ലമെന്റിലെ 190 നിയമനിര്‍മാതാക്കള്‍ അദ്ദേഹത്തിന്റെ നീക്കം നിരസിച്ചു. ഇതോടെ പട്ടാള നയം പിന്‍വലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

Content Highlight: Either resign or you may be impeached; Opposition to South Korean President Yoon Suk Yeol