ഇ.വി.എമ്മും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍; ഒരുബൂത്തില്‍ കണ്ടെത്തിയത് 34 വോട്ടിന്റെ വ്യത്യാസം
India
ഇ.വി.എമ്മും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍; ഒരുബൂത്തില്‍ കണ്ടെത്തിയത് 34 വോട്ടിന്റെ വ്യത്യാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2019, 12:37 pm

 

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വി.വിപാറ്റുകളും തമ്മില്‍ എട്ടിടങ്ങളില്‍ പൊരുത്തക്കേട് കണ്ടെത്തി. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് രാജ്യത്തെ 20,687 പോളിങ് ബൂത്തുകളില്‍ വി.വിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ഒരു മണ്ഡലത്തിലെ അഞ്ച് വോട്ടിങ് യന്ത്രത്തില്‍ നിന്നുള്ള വി.വിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നായിരുന്നു കോടതി നിര്‍ദേശം.

ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം ഇടങ്ങളില്‍ വോട്ടിങ് മെഷീനുകളും വി.വിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥിരീകരിക്കുന്നത്.

വോട്ടെണ്ണലിലെ പൊരുത്തക്കേട് വെറും .0004% മാത്രമാണെന്നും അതിനാല്‍ ഈ എട്ടു കേസുകളിലും അന്തിമ ഫലത്തെ ഇത് ഒട്ടുംതന്നെ സ്വാധീനിക്കില്ലെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. ‘മാനുഷിക അബദ്ധങ്ങള്‍’ കാരണമാകാം ഇത്തരം പിഴവും സംഭവിച്ചതെന്നും തെരഞ്ഞെപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ടു ചെയ്തത്.

മിക്ക കേസുകളിലും വെറും ഒന്നോ രണ്ടോ വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഒരിടത്ത് മാത്രം 34 വോട്ടിന്റെ വ്യത്യാസം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുമ്പ് മോക്ക് പോള്‍ ചെയ്തത് ഡിലീറ്റ് ചെയ്യാന്‍ പോളിങ് ഓഫീസര്‍ മറന്നുപോയതാവാം ഇത്രയേറെ വോട്ടിന്റെ വ്യത്യാസം വരാന്‍ കാരണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നത്.

എട്ടു കേസുകളിലുമായി 50 വോട്ടുകളാണ് അധികമായി കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ അന്തിമ ഫലത്തില്‍ ഇതിന് യാതൊരു സ്വാധീനവുമില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് 1500 കേസുകളില്‍ ഇ.വി.എമ്മിലെ വോട്ടും വി.വിപാറ്റ് സ്ലിപ്പും പരിശോധനാ വിധേയമാക്കിയതില്‍ ഒരിടത്തുപോലും പൊരുത്തക്കേട് റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട നിയമത്തിലെ ചട്ടം 56 ഡി പ്രകാരം ഇ.വി.എമ്മുകളും വി.വിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ വി.വിപാറ്റിലെ വിവരങ്ങള്‍ മാത്രമേ പരിഗണിക്കാവൂവെന്നാണ്. ഈ എട്ടു കേസുകളിലും ഇതുതന്നെയാണ് അവലംബിച്ചതെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നു.