റഫ അതിർത്തി തുറക്കുമെന്ന് റിപ്പോർട്ടുകൾ; വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് നെതന്യാഹു
World News
റഫ അതിർത്തി തുറക്കുമെന്ന് റിപ്പോർട്ടുകൾ; വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2023, 2:45 pm

കെയ്‌റോ: തെക്കൻ ഗസയിൽ വെടിനിർത്തലിന് ധാരണയായെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇസ്രഈൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. റഫ അതിർത്തി തുറക്കുമ്പോൾ വെടിനിർത്തൽ നടത്താൻ ഈജിപ്ത്, ഇസ്രഈൽ, യു.എസ് എന്നിവർ സമ്മതിച്ചതായി ഈജിപ്തിൽ നിന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

‘വിദേശികളെ പുറത്തെത്തിക്കുന്നതിന് പകരമായി മാനുഷിക സഹായങ്ങളും വെടിനിർത്തലും ഉണ്ടാകില്ല,’ നെതന്യാഹുവിന്റെ ഓഫീസിൽ നിന്ന് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

വിദേശികളെ പുറത്തെത്തിക്കുന്നതിനും സഹായങ്ങൾ ഗസയിൽ എത്തിക്കുന്നതിനുമായി റഫ അതിർത്തി തുറക്കാൻ തീരുമാനമായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഈജിപ്തിലെ സിനായ് ദ്വീപിനും ഗസക്കുമിടയിലെ അതിർത്തിയായ റഫ മാത്രമാണ് ഇസ്രഈൽ നിയന്ത്രണത്തിലല്ലാത്ത അതിർത്തി.

ഇന്ത്യൻ സമയം രാവിലെ 11.30ന് വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്നും മണിക്കൂറുകളോളം തുടരുമെന്നുമായിരുന്നു ഈജിപ്‌ത് സുരക്ഷാ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നത്. ഇന്ത്യൻ സമയം രാത്രി 7.30 വരെ റഫ തുറക്കാൻ മൂന്ന് രാജ്യങ്ങളും സമ്മതിച്ചതായും വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അതിർത്തി തുറക്കുമെന്ന് പറഞ്ഞ 11.30ന് ശേഷവും സഹായങ്ങളുമായെത്തിയ ട്രക്കുകൾ പുറത്ത് കാത്തിരിക്കുകയാണെന്ന് അൽ അറിഷിലെ എൻ.ജി.ഓകൾ പറയുന്നു. ഈ അടുത്ത ദിവസങ്ങളിൽ ഈജിപ്തിൽ നിന്നുള്ള റഫയുടെ കവാടം തുറന്നതായും ഇസ്രഈൽ ബോംബാക്രമണത്തെ തുടർന്ന് ഫലസ്തീനിൽ നിന്നുള്ള കവാടം പ്രവർത്തനരഹിതമായി തുടരുകയാണെന്നും ഈജിപ്‌ത് അറിയിച്ചു.

അതിർത്തി വഴി വിദേശ പാസ്പോർട്ട് കൈവശമുള്ളവരെ പുറത്തെത്തിക്കാനാണ് ധാരണയായത്. ഗസയിലേക്കുള്ള വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും സഹായ സാമഗ്രികൾ അനുമതിയും കാത്ത് അൽ അരിഷിൽ തുടരുകയാണ്.

അതേസമയം, അതിർത്തി തുറക്കുന്നത് സംബന്ധിച്ച് ഈജിപ്‌തിൽ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹമാസിന്റെ മീഡിയ ഓഫീസ് മേധാവി സലമ മാറൂഫ് അറിയിച്ചു.

ഗസയിൽ നിന്നുള്ള മെഡിക്കൽ സാഹചര്യങ്ങൾ നേരിടുന്നതിനായി തയ്യാറെടുക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായി ഈജിപ്‌ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Egyptian sources say ceasefire agreed to allow Rafah re-opening, Netanyahu denies