ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണം; ഈജിപ്ത് സമ്പദ് വ്യവസ്ഥയുടെ ക്രെഡിറ്റ് റേറ്റ് നെഗറ്റീവിലേക്ക്
World News
ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണം; ഈജിപ്ത് സമ്പദ് വ്യവസ്ഥയുടെ ക്രെഡിറ്റ് റേറ്റ് നെഗറ്റീവിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2024, 10:47 pm

കെയ്റോ: ചെങ്കടലില്‍ വ്യാപകമായി ഹൂത്തി വിമതര്‍ ആക്രമണം തുടരുന്നതിനിടയില്‍ ഈജിപ്തിന്റെ ഷിപ്പിങ് ക്രെഡിറ്റ് റേറ്റ് നെഗറ്റീവിലേക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. റേറ്റിങ് ഏജന്‍സിയായ മൂഡീസ് ആണ് ഈജിപ്തിന്റെ ക്രെഡിറ്റില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഹൂത്തികളുടെ ആക്രമണം ക്രെഡിറ്റില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന ഈജിപ്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് നിലനില്‍ക്കുന്ന പലിശയിലെ ഗണ്യമായ വര്‍ധനവും ബാഹ്യ സമ്മര്‍ദവും മാക്രോ ഇക്കണോമിക് അഡ്ജസ്റ്റ്മെന്റ് പ്രക്രിയകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്ന് മൂഡീസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 3 ബില്യണ്‍ ഡോളറിന്റെ റെസ്‌ക്യൂ പാക്കേജിന്റെ സഹായത്തിനായി അന്താരാഷ്ട്ര നാണയ നിധിയുമായി ധാരണയിലെത്തിയിരുന്നു. ഈ പാക്കേജ് ഈജിപ്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നിയന്ത്രിക്കാനും സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ 2023ല്‍ 700 മില്യണ്‍ ഡോളര്‍ വരുന്ന പാക്കേജ് അന്താരാഷ്ട്ര നാണയ നിധി വൈകിപ്പിച്ചതും ഈജിപ്തിനെ മോശമായി ബാധിച്ചുവെന്നും രാജ്യത്തിന്റെ ആസ്തികള്‍ വില്‍ക്കുന്നതിലൂടെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നും ഈജിപ്തിലെ നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ കൂടുതല്‍ സഹായ പാക്കേജുകള്‍ക്കായി അന്താരാഷ്ട്ര നാണയ നിധിയുമായി ഈജിപത് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം നാണയ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തെ നിരന്തരമായി ആശ്രയിച്ചാല്‍ സര്‍ക്കാരിന്റെ കടം താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കുമെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളും അതിനെ തുടര്‍ന്നുള്ള യെമനിലെ ഹൂത്തി വിമതരുടെ ആക്രമണങ്ങളും ഈജിപ്തിന്റെ സമ്പദ് ഘടനയെ മുട്ടുകുത്തിച്ചതായാണ് മൂഡിസിന്റെ വിലയിരുത്തല്‍.

കരിഞ്ചന്തയില്‍ ഈജിപ്ഷ്യന്‍ പൗണ്ട് യു.എസ് ഡോളറിനെതിരെ 60ലേക്ക് ഇടിഞ്ഞ സാഹചര്യത്തിലാണ് മൂഡീസ് ക്രെഡിറ്റില്‍ മാറ്റം വരുത്തുന്നത്.

Content Highlight: Egypt’s economy’s credit rating to negative