ജൂത സംഘടനകളെ കൂട്ടുപിടിച്ച് ഇസ്രഈല്‍ ലോബിയിങ് ഗ്രൂപ്പുകള്‍; യു.എസ് മാധ്യമങ്ങളില്‍ ഇസ്രഈല്‍ അനുകൂല വിവരങ്ങള്‍ രൂപപ്പെടുത്താന്‍ ശ്രമം
ടെല്‍ അവീവ്: അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ രൂപപ്പെടുത്തുന്നതിനായി ഇസ്രഈല്‍ ലോബിയിങ് ഗ്രൂപ്പുകള്‍ മറ്റു ജൂത സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി അമേരിക്കന്‍ ഇസ്രഈല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (എ.ഐ.പിഎ.സി) 10/7 എന്ന പേരില്‍ ഒരു പ്രോജക്റ്റ് ആരംഭിച്ചിട്ടുണ്ട്.
ദി ജ്യൂവിഷ് ഫെഡറേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക, ആന്റി ഡിഫമേഷന്‍ ലീഗ് (എ.ഡി.എല്‍) എന്നീ സംഘടനകളുമായി ചേര്‍ന്നാണ് അമേരിക്കന്‍ ഇസ്രഈല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രോജക്റ്റ് ആരംഭിച്ചിട്ടുള്ളത്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്നും യുദ്ധത്തിന് മികച്ച രീതിയില്‍ മീഡിയ കവറേജ് നല്‍കണമെന്നുമാണ് സംഘടനയുടെ ആവശ്യം. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലും ഹമാസ് തടവിലാക്കിയിട്ടുള്ള ഇസ്രഈലി ബന്ദികളിലും മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സംഘടന ആവശ്യപെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദ്രുത പ്രതികരണത്തിലൂടെയും സമഗ്രമായ മാധ്യമ പ്രചാരണത്തിലൂടെയും ഇസ്രഈല്‍ – ഹമാസ് സംഘര്‍ഷത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും തെറ്റായ റിപ്പോര്‍ട്ടിങ്ങും ഇല്ലാതാക്കുമെന്ന് ജൂത ഫെഡറേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും സി.ഇ.ഒയുമായ എറിക് ഫിംഗര്‍ഹട്ട് പറഞ്ഞു. ഹമാസ് നടത്തിയ ആക്രമണത്തിലെ ഇരകളിലേക്കും ബന്ദികളിലേക്കും 10/7 പ്രോജക്റ്റ് വെളിച്ചം വീശുമെന്നും ഫിംഗര്‍ഹട്ട് കൂട്ടിച്ചേര്‍ത്തു.