Kerala News
മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉടന്‍ പിന്‍വലിക്കണം: സര്‍ക്കാര്‍ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 18, 04:42 am
Tuesday, 18th December 2018, 10:12 am

ന്യൂദല്‍ഹി: കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ നടപടിയില്‍ അപലപിച്ച്
പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ്. ഇത് സംബന്ധിച്ച് നവംബര്‍ 15 ല്‍ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ശേഖര്‍ ഗുപ്ത, ജനറല്‍ സെക്രട്ടറി എ.കെ ഭട്ടാചര്യ എന്നിവര്‍ ആവശ്യപ്പെട്ടു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുവഴി മാത്രമേ മാധ്യമങ്ങള്‍ക്ക് ഇനി മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സംസാരിക്കാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. ഇതിന് പുറമെ സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

മന്ത്രിമാരില്‍നിന്നും രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നും വാര്‍ത്തകള്‍ സംബന്ധിച്ച വിവരം തേടുന്നതിനെ വിലക്കുന്നതാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍. മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇത് പത്രസ്വാതന്ത്ര്യത്തിനെതിരാണെന്നും അവര്‍ വ്യക്തമാക്കി.

എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും കാണുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ വിവര-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ (പി.ആര്‍.ഡി) അനുമതിക്കായി സമീപിക്കേണ്ടതുണ്ടെന്നും മാധ്യമനിയന്ത്രണ സര്‍ക്കുലറില്‍ പറയുന്നുണ്ട്. അടിയന്തരമായി ഈ ഉത്തരവ് പിന്‍വലിക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.


അത്ഭുതങ്ങള്‍ സംഭവിച്ചില്ല; പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി: പരമ്പര ഒപ്പത്തിനൊപ്പം


മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടു ബന്ധപ്പെട്ടിരുന്ന പി.ആര്‍.ഡിയിലെ വിവിധ സെക്ഷനിലേക്കുള്ള പ്രവേശനം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായി ചുരുക്കിയിട്ടുമുണ്ട്. ജില്ലാതല വകുപ്പുകള്‍ക്ക് മാധ്യമസ്ഥാപനങ്ങളുമായുള്ള ആശയവിനിമയം നിയന്ത്രിച്ച്, പത്രക്കുറിപ്പുകള്‍ പോലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി കൈമാറേണ്ടതായും സര്‍ക്കുലറില്‍ പറയുന്നു.

പൊതുപരിപാടികള്‍ക്കായി സെക്രട്ടേറിയറ്റിന് പുറത്തെ വേദികളിലെത്തുന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം നിര്‍ബന്ധപൂര്‍വം എടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കാറുണ്ടെന്നും മന്ത്രിമാരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താറുമുണ്ടെന്നാണ് സര്‍ക്കുലറിലെ നിരീക്ഷണം.

ഇക്കാരണം ചൂണ്ടിക്കാണിച്ച് പൊതുസ്ഥലങ്ങളില്‍ വച്ച് മാധ്യമങ്ങളോട് മന്ത്രിമാര്‍ പ്രതികരിക്കുന്നതും പി.ആര്‍.ഡി മുഖേനയായിരിക്കണമെന്നാണ് നിബന്ധന. ഫോണിലും മറ്റും ബന്ധപ്പെട്ട് മന്ത്രിമാരുടെ പ്രതികരണമാരായുന്നതില്‍ നിലവില്‍ മാധ്യമപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടു നേരിടുന്ന അവസ്ഥയില്‍, പൊതു വേദികളില്‍ നിന്നും സംവദിക്കുന്നത് വിലക്കിക്കൊണ്ടുള്ള നടപടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഒട്ടും ഗുണകരമാവില്ലെന്നായിരുന്നു വിലയിരുത്തല്‍.

മേഘാലയ ഹൈക്കോടതിയില്‍ ജഡ്ജിമാര്‍ക്ക് അനുവദിക്കപ്പെട്ട അധിക സൗകര്യങ്ങളെയും ആനുകൂല്യങ്ങളെയുംകുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നീലെ ഷില്ലോങ് ടൈംസ് പത്രാധിപര്‍ പട്രീഷ്യാ മൂകിമിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെയും എഡിറ്റേഴ്‌സ് ഗില്‍ഡ് വിമര്‍ശിച്ചു. ന്യായാധിപന്‍മാര്‍ വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കേണ്ടത് ആവശ്യമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.