Sports News
ബെയ്ല്‍സല്ല വിക്കറ്റ് തന്നെ വീഴ്ത്തിയിട്ടുണ്ട്, എന്താ പോരേ? കണക്കുതീര്‍ത്ത് ബംഗ്ലാ കടുവ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2022 Dec 15, 07:21 am
Thursday, 15th December 2022, 12:51 pm

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യരിനെ മടക്കി ബംഗ്ലാദേശ് പേസര്‍ എദാബോത് ഹുസൈന്‍. അയ്യരിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഹുസൈന്‍ പവലിയനിലേക്ക് മടക്കിയയച്ചത്.

സെഞ്ച്വറി പ്രതീക്ഷയുമായി മുന്നോട്ട് കുതിച്ച ശ്രേയസ് അയ്യര്‍ ടീം സ്‌കോര്‍ 293ലും വ്യക്തിഗത സ്‌കോര്‍ 86ലും നില്‍ക്കവെ പുറത്താവുകയായിരുന്നു.

മത്സരത്തിന്റെ 98ാം ഓവറിലെ അവസാന പന്തിലാണ് എദാബോത് ഹുസൈന്‍ ശ്രേയസ് അയ്യരെ മടക്കിയത്. ഹുസൈന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെയായിരുന്നു താരത്തിന്റെ മടക്കം. ഈ വിക്കറ്റ് നേട്ടത്തിലൂടെ ഒരു കണക്കുതീര്‍ക്കാനും ഹുസൈന് സാധിച്ചു.

മത്സരത്തില്‍ നേരത്തെ ഹുസൈന്‍ അയ്യരിനെ പുറത്താക്കിയെന്ന് തോന്നിച്ചെങ്കിലും താരത്തിന് അതിന് സാധിച്ചിരുന്നില്ല. ഹുസൈന്‍ എറിഞ്ഞ പന്ത് വിക്കറ്റില്‍ തട്ടിയെങ്കിലും ബെയ്ല്‍സ് വീഴാത്തതിനാല്‍ നോട്ട് ഔട്ട് വിധിക്കുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്സിന്റെ 84ാം ഓവറിലായിരുന്നു സംഭവം. പേസര്‍ എദാബോത് ഹുസൈന്‍ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് വിക്കറ്റില്‍ കൊള്ളുകയും എ.ഇ.ഡികള്‍ തെളിയുകയും ചെയ്തിരുന്നു. എന്നാല്‍ ബെയ്ല്‍സ് വീണിരുന്നില്ല.

വിക്കറ്റ് വീഴാത്തത് ബംഗ്ലാദേശ് ടീമിന് ഏറെ അമ്പരപ്പുണ്ടാക്കിയിരുന്നു. അവര്‍ അമ്പയറിനൊപ്പം ചെന്ന് വിക്കറ്റ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മാറിയിരുന്ന് പുഞ്ചിരിയോടെ നോക്കുക മാത്രമാണ് ചേതേശ്വര്‍ പൂജാരയും ശ്രേയസ് അയ്യരും ചെയ്തത്.

ടീം സ്‌കോര്‍ 260ലും ശ്രേയസ് അയ്യരിന്റെ വ്യക്തിഗത സ്‌കോര്‍ 78ലും നില്‍ക്കവെയാണ് സംഭവമുണ്ടായത്.

ഇതിന് പിന്നാലെ ക്രിക്കറ്റ് അനലിസ്റ്റ് ആകാശ് ചോപ്രയും സിങ് ബെയ്ല്‍സിനെതിരെ രംഗത്ത് വന്നിരുന്നു. വിക്കറ്റിലെ ലൈറ്റ് തെളിഞ്ഞാല്‍ ഔട്ട് നല്‍കണമെന്നായിരുന്നു ചോപ്ര പറഞ്ഞത്.

അതേസമയം, ഇന്ത്യക്ക് എട്ടാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. അര്‍ധ സെഞ്ച്വറി തികച്ച ആര്‍. അശ്വിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

113 പന്തില്‍ നിന്നും 58 റണ്‍സ് നേടി നില്‍ക്കവെയാണ് താരം മടങ്ങിയത്.

നിലവില്‍ 385 റണ്‍സാണ് ഇന്ത്യക്കുള്ളത്. 112 പന്തില്‍ നിന്നും 40 റണ്‍സ് നേടിയ കുല്‍ദീപ് യാദവും രണ്ട് പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയ ഉമേഷ് യാദവുമാണ് ക്രീസില്‍.

 

Content Highlight: Edabot Hussain clean bowled Shreyas Iyer