പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ.ഡി പരിശോധന; റെയ്ഡ് ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍
Kerala News
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ.ഡി പരിശോധന; റെയ്ഡ് ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd December 2020, 10:24 am

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കളുടെ വീട്ടിലാണ് പരിശോധന നടത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസുറുദ്ദീന്‍ എളമരം, ദേശീയ ചെയര്‍മാനായ ഒ.എം.എ സലാമിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. പ്രമുഖ നേതാവായ കരമന അഷ്‌റഫ് മൗലവിയുടെ വീട്ടിലും ഇ.ഡി പരിശോധന നടന്നു. ഇ. അബൂക്കറിന്റെ വീട്ടിലും പരിശോധന നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം കൊച്ചി സംഘമാണ് പരിശോധന നടത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ 7 ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഒപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാന മന്ദിരമായ കോഴിക്കോട് മീഞ്ചന്തയിലെ കേന്ദ്രത്തിലും പരിശോധന നടക്കുന്നുണ്ട്.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ ഭാഗമായാണ് കേരളത്തിലെ നേതാക്കളുടെ വീട്ടില്‍ പരിശോധന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡ് സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കേരളത്തില്‍ ആദ്യമായാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇത്രയധികം കേന്ദ്രങ്ങളില്‍ ഒരേ സമയം വ്യാപക റെയ്ഡ് നടക്കുന്നത്.

നേരത്തെ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ള സംഘടനയെയും ചേര്‍ത്ത് ഫെബ്രുവരിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. അതിനുശേഷമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീട്ടിലും ഇപ്പോള്‍ പരിശോധന നടക്കുന്നത്.

ദല്‍ഹി കലാപം ആസൂത്രണം ചെയ്തവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കിയ സംഘടനകള്‍ക്ക് വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നുമുള്ള പരാതികളാണ് ഇ.ഡി അന്വേഷിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ED raid in Popular Front leaders’ houses