Kerala News
ഇ.ഡി ബി.ജെ.പിയുടെ വാലായി മാറി, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: എം.വി ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 26, 04:10 pm
Wednesday, 26th March 2025, 9:40 pm

കൊച്ചി: കേസ് എങ്ങനെ ശാസ്ത്രീയമായി ഇല്ലാതാക്കാമെന്നതിന്റെ തെളിവാണ് കൊടകര കുഴല്‍പണ കേസിലെ ഇ.ഡിയുടെ കുറ്റപത്രമെന്നും അന്വേഷണ ഏജന്‍സി കേസ് അട്ടിമറിച്ചെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

പൊലീസ് തെളിവുകളുടെ പശ്ചാത്തലത്തിലാണ് കേസില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതെന്നും എന്നാല്‍ ഇ.ഡിയെ പറ്റിയുള്ള അഭിപ്രായം ശരിവെക്കുന്നതാണ് നിലവിലെ കുറ്റപത്രമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ബി.ജെ.പിയുടെ വാലായി മാറിയ ഇ.ഡി രാഷ്ട്രീയപ്രേരിത ഇടപെടല്‍ നടത്തിയെന്നും ബി.ജെ.പിക്കായി ചാര്‍ജ് ഷീറ്റ് മാറ്റിയെഴുതിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

കോടിക്കണക്കിന് രൂപ ബി.ജെ.പി ഓഫീസില്‍ എത്തിച്ചെന്ന് ബി.ജെ.പി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇ.ഡി അയാളുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വസ്തുതകളെല്ലാം വെളിച്ചത്ത് കൊണ്ടുവന്നുവെങ്കിലും കേസ് അന്വേഷിച്ച ഇ.ഡി അതെല്ലാം അട്ടിമറിക്കുകയായിരുന്നുവെന്നും കളളപ്പണ കേസിന്റെ രൂപം തന്നെ മാറിയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ ട്രാവന്‍കൂര്‍ പാലസ് ഭൂമി വാങ്ങാന്‍ പണം കൊണ്ടുവന്നതാണ് എന്നാണ് ഇ.ഡിയുടെ പുതിയ ഭാഷ്യമെന്നും ഇത് ബി.ജെ.പിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.ഐ.എം നേതാക്കളെയും പ്രവര്‍ത്തകരെയും കേസില്‍ ഇ.ഡി വേട്ടയാടിയെന്നും കാരണമെന്നുമില്ലാതെ അരവിന്ദാക്ഷനെ ജയിലില്‍ കിടത്തി പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടുകെട്ടുകയും സംസ്ഥാന കമ്മിറ്റിയുടെ അക്കൌണ്ട് പോലും മരവിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇ.ഡി നടത്തിയതെന്നും എന്നാല്‍ ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യമായ അവസ്ഥയാണ് ഇ.ഡി ഇപ്പോള്‍ നേരിടുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ പൊതുസമൂഹത്തില്‍ ചോദ്യംചെയ്യുമെന്നും നടപടികള്‍ക്കെതിരായ പ്രതിഷേധം സംഘടപ്പിക്കുമെന്നും 29ന് കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് പ്രതിഷേധ സംഗമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: ED has become BJP’s tail, trying to sabotage the case: MV Govindan