കെജ്‌രിവാളിനോട് പക്ഷപാതപരമായി പെരുമാറുന്നു; ജാമ്യ ഉത്തരവില്‍ ഇ.ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി
national news
കെജ്‌രിവാളിനോട് പക്ഷപാതപരമായി പെരുമാറുന്നു; ജാമ്യ ഉത്തരവില്‍ ഇ.ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2024, 2:01 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ഇ.ഡി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ദല്‍ഹിയിലെ വിചാരണ കോടതി. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിയിലാണ് ഇ.ഡിക്കെതിരെ കോടതിയുടെ വിമര്‍ശനം.

കുറ്റകൃത്യവുമായി കെജ്‌രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇ.ഡിക്ക് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകളല്ല ഇ.ഡി ഹാജരാക്കിയതെന്നും കോടതി വ്യക്തമാക്കി.

ജാമ്യാപേക്ഷയിലെ കെജ്‌രിവാളിന്റെ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ് വ്യാഴാഴ്ച വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ദല്‍ഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതിനുപുറമെ ജാമ്യം നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. നിയമപരമായ വഴികള്‍ കൂടി പരിശോധിക്കാന്‍ സമയം നല്‍കണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.

ഗോവയില്‍ കെജ്‌രിവാളിന്റെ ഹോട്ടല്‍ ബില്ല് അടച്ചത് സമാന കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതിയാണെന്നും ഇയാള്‍ വ്യവസായികളില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്നും ഇ.ഡി കോടതിയില്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കെജ്‌രിവാളിന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇ.ഡിയുടെ വാദം.

എന്നാല്‍ ഇ.ഡി തങ്ങളുടെ ഊഹാപോഹങ്ങള്‍ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ വാദിച്ചു. വിജയ് നായര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതിന് തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ, കെജ്‌രിവാളിന്റെ ജാമ്യം തടയണമെന്ന് ആവശ്യപ്പെട്ട് ദൽഹി ഹൈക്കോടതിയിൽ ഇ.ഡി സമർപ്പിച്ച ഹരജിയിൽ കോടതി ഇന്ന് വാദം കേൾക്കും. ഹരജി തീർപ്പാക്കുന്നത് വരെ കെജ്‌രിവാളിന്റെ ജാമ്യം ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.

Content Highlight: ED Acting With Bias Against Arvind Kejriwal; Delhi Court In Bail Order