'മണ്ടത്തരം പറയാതെ, എഴുന്നേറ്റ് പോടോ അവിടുന്ന്'; നോട്ട് നിരോധന ചര്‍ച്ചയില്‍ ബി.ജെ.പി പ്രതിനിധി സുരേഷിനോട് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്
Kerala News
'മണ്ടത്തരം പറയാതെ, എഴുന്നേറ്റ് പോടോ അവിടുന്ന്'; നോട്ട് നിരോധന ചര്‍ച്ചയില്‍ ബി.ജെ.പി പ്രതിനിധി സുരേഷിനോട് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th May 2023, 11:59 pm

കൊച്ചി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍
ഇടക്ക് കയറി ബഹളംവെച്ച ബി.ജെ.പി പ്രതിനിധി എസ്. സുരേഷിനോട് കയര്‍ത്ത് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്. ‘രണ്ടായിരത്തിന്റെ കറന്‍സി നോട്ടുനിരോധനത്തിന്റെ പരാജയ സ്മാരകമോ?’ എന്ന തലക്കെട്ടില്‍ 24 ന്യൂസില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ‘മണ്ടത്തരം പറയാതെ, എഴുന്നേറ്റ് പോടോ അവിടുന്ന്’ എന്ന് മേരി ജോര്‍ജ് സുരേഷിനോട് പറഞ്ഞത്.

തനിക്ക് സംസാരിക്കാനുള്ള അവസരത്തില്‍ സുരേഷ് നിരന്തരം ഇടപെട്ടപ്പോഴായിരുന്നു മേരി ജോര്‍ജിന്റെ പ്രതികരണം.

‘രണ്ടായിരം രൂപ ഇറക്കിയത് എന്നായലും പിന്‍വലിക്കാനാണ് എന്ന് അദ്യമേ പറഞ്ഞിരുന്നു. ഇന്ത്യ അഞ്ചാമത്തെ സാമ്പതിക ശക്തിയായി ഉയര്‍ന്നതില്‍ നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സ്വാധീനം ഉണ്ട്. അതിന് ട്വന്റി ഫോറിന്റേയോ സോണിയയുടെ കോണ്‍ഗ്രസിന്റെയോ ഡോ. തോമസ് ഐസകിന്റെയോ സര്‍ട്ടിഫിക്കറ്റ് ബി.ജെ.പിക്ക് ആവശ്യമില്ല,’ എന്ന് സുരേഷ് പറഞ്ഞ ശേഷം, മറുപടി പറയാന്‍
ഡോ. മേരി ജോര്‍ജിന് അവതാരകന്‍ അനുവദിച്ച സമയത്തും ഇദ്ദേഹം ഇടക്ക് കയറി സംസാരിക്കുകയായിരുന്നു.

ഈ സയമം മേരി ജോര്‍ജും അവതാരകനും പാനലിസ്റ്റിലെ മറ്റൊരാളും സുരേഷിനോട് സംസാരം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. പിന്നാലെ സുരേഷ് തന്റെ സംസാരം ഒരു നിമിഷം അവസാനിപ്പച്ചപ്പോള്‍, മേരി ജോര്‍ജ് സംസാരിച്ച് തുടങ്ങുകയും അപ്പോള്‍ തന്നെ അദ്ദേഹം വീണ്ടും ഇടക്ക് കയറുകയായിരുന്നു.

ഈ തര്‍ക്കം ഒരു മിനിട്ടോളം തുടര്‍ന്നതിന് പിന്നാലെയാണ് ‘ഈ സുരേഷിന് തലക്ക് വല്ല കുഴപ്പവുമുണ്ടോ, മണ്ടത്തരം പറയാതെ, എഴുന്നേറ്റ് പോടോ അവിടുന്ന്’ എന്ന് മേരി ജോര്‍ജ് പറയുന്നത്.

ഈ സമയം ചിരി അടക്കാനാകാത്ത അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനെയും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ‘ടീച്ചര്‍ ക്ഷമിക്ക്, ടീച്ചറെക്കൊണ്ട് ഇത്രയും പറയിപ്പിക്കണമെന്ന് ഞാന്‍ വിചാരിച്ചില്ല’ എന്നാണ് സുരേഷ് പറയുന്നത്.