സ്വതന്ത്ര മീഡിയകളെ ടാർഗെറ്റ് ചെയ്യാൻ സർക്കാരുകൾ സാമ്പത്തിക നിയമങ്ങൾ ഉപയോഗിക്കുന്നു; റിപ്പോർട്ട്
national news
സ്വതന്ത്ര മീഡിയകളെ ടാർഗെറ്റ് ചെയ്യാൻ സർക്കാരുകൾ സാമ്പത്തിക നിയമങ്ങൾ ഉപയോഗിക്കുന്നു; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2024, 5:29 pm

ന്യൂദൽഹി: ലോകമെമ്പാടുമുള്ള സർക്കാരുകൾ സ്വതന്ത്ര മാധ്യമങ്ങളെ ലക്ഷ്യമിട്ട് സാമ്പത്തിക നിയമങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പബ്ലിഷേഴ്സിൻ്റെയും (WAN-IFRA) ഇൻ്റർ അമേരിക്കൻ പ്രസ് അസോസിയേഷൻ്റെയും (IAPA) പുതിയ സംയുക്ത റിപ്പോർട്ടിലാണിത് പറയുന്നത്.

അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എട്ട് മാധ്യമ സ്ഥാപനങ്ങളെക്കുറിച്ചും അവയ്ക്ക് നേരെ വിവിധ സർക്കാരുകൾ ഉന്നയിച്ച സാമ്പത്തിക നിയമങ്ങളെക്കുറിച്ചും പറയുന്നു. മാധ്യമ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുന്നതിനും പത്രപ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നതിനും നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് സാമ്പത്തിക നിയമങ്ങൾ എന്നിവ അധികാരികൾ എങ്ങനെയാണ് പ്രയോഗപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അസർബൈജാൻ, ഹോങ്കോങ്, എൽ സാൽവഡോർ തുടങ്ങിയ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഇന്ത്യയിലെ ന്യൂസ്‌ക്ലിക്ക് , ഫിലിപ്പൈൻസിലെ റാപ്ലർ എന്നിവയ്‌ക്കെതിരായ നടപടികളും കേസ് സ്റ്റഡികൾ ഉൾക്കൊള്ളുന്നു.

അന്വേഷണങ്ങൾക്കിടയിൽ ഉദ്യോഗസ്ഥർ മീഡിയ ഔട്ട്‌ലെറ്റുകളുടെ ബാങ്ക് അക്കൗണ്ടുകൾ ഇടയ്‌ക്കിടെ മരവിപ്പിക്കുകയും അവരെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്യുന്നു. ഈ അന്വേഷങ്ങൾ പലപ്പോഴും വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിൽ ആണ് കലാശിക്കുക. അതേസമയം സങ്കീർണ്ണമായ സാമ്പത്തിക ആരോപണങ്ങൾക്കെതിരെ പ്രതിരോധിക്കാൻ മിക്ക പത്രപ്രവർത്തകർക്കും സാധിക്കാറില്ല.

അസർബൈജാനിൽ, അബ്സാസ് മീഡിയയിലെ ആറ് മാധ്യമപ്രവർത്തകർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് പന്ത്രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകിയിരുന്നു. ഈ കേസ് ഒരു ഉദാഹരണമായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

സർക്കാരിന്റെ അവിശുദ്ധ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രസിദ്ധീകരിച്ചതിന് ശേഷം പ്രമുഖ ഡിജിറ്റൽ വാർത്താ സ്ഥാപനമായ എൽ ഫാരോയ്ക്കെതിരെ എൽ സാൽവഡോർ സർക്കാർ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഈ അന്വേഷണ പ്രഖ്യാപനം ഔട്ട്‌ലെറ്റിൻ്റെ പരസ്യവരുമാനത്തിൽ 150 ശതമാനം ഇടിവുണ്ടാക്കി.

ഈ ആരോപണങ്ങൾ പത്രപ്രവർത്തകരുടെ സൽപ്പേരിന് ശാശ്വതമായ കേടുപാടുകൾ സൃഷ്ടിക്കും. അത് തന്നെയാണ് സർക്കാരുകളുടെ ലക്ഷ്യവും. ‘ഒരു പത്രപ്രവർത്തകൻ്റെ സ്വത്ത് എന്നത് അവൻ്റെ അല്ലെങ്കിൽ അവളുടെ ഗുഡ് വിൽ ആണ്. ഈ ക്രിമിനൽ കുറ്റങ്ങൾ അതിനെ ഇല്ലാതാക്കുന്നു,’ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ നേരിടുന്ന ഗ്വാട്ടിമാലൻ പത്രപ്രവർത്തകൻ ജോസ് റൂബൻ സമോറയുടെ മകൻ ജോസ് സമോറ പറഞ്ഞു.

ഇന്ത്യൻ സ്വതന്ത്ര മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിന് നേരെയും ഇത്തരം ആക്രമണം ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. 2020 ഓഗസ്റ്റിൽ ന്യൂസ്‌ക്ലിക്കിനെതിരെ ഐ.പി.സി സെക്ഷൻ 406, 420, 120 ബി എന്നിവ പ്രകാരം എഫ്.ഐ.ആർ ഫയൽ ചെയ്തു. 2018-19 സാമ്പത്തിക വർഷത്തിൽ യു.എസ് ആസ്ഥാനമായുള്ള വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്സ് എൽ.എൽ.സിയിൽ നിന്ന് 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) കമ്പനി സ്വീകരിച്ചുവെന്നായിരുന്നു ആരോപണം.

 

Content Highlight: Economic charges emerge as potent weapon to silence independent media: report