Kerala News
എ.ഡി.ജി.പി ആരെ കാണാൻ പോകുന്നു എന്നത് ഞങ്ങൾക്ക് പ്രശ്നമല്ല സി.പി.ഐ.എമ്മുമായി അതിനെ കൂട്ടിക്കെട്ടണ്ട: എം.വി ഗോവിന്ദൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 08, 05:37 am
Sunday, 8th September 2024, 11:07 am

തിരുവനന്തപുരം: എ.ഡി.ജെ.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എ.ഡി.ജി.പി ആരെ വേണമെങ്കിലും കാണാൻ പോകട്ടെ അത് ഞങ്ങൾക്ക് പ്രശ്നമില്ല. എന്നാൽ അതിനെ സി.പി.ഐ.എമ്മുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.ജെ.പിയുടെ ആർ.എസ്.എസ് ബന്ധത്തിന് കൃത്യമായൊരു മറുപടി നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

‘മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കാണാൻ പോയെന്നത് അസംബന്ധമാണ്. എ.ഡി.ജി.പി ആരെ വേണമെങ്കിലും കാണാൻ പോകട്ടെ അത് ഞങ്ങൾക്ക് പ്രശ്നമില്ല. എന്നാൽ അതിനെ സി.പി.ഐ.എമ്മുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കരുത്. സി.പി.ഐ.എമ്മിന്റെ നിലപാട് എന്താണെന്ന് എല്ലാവര്ക്കും അറിയാം. ബി.ജെ.പിയോട് സി.പി.ഐ.എം എന്ത് നിലപാടാണ് എടുക്കുന്നതെന്ന് എല്ലാവർക്കും അറിയുന്നതാണ്.

ഞങ്ങളുടെ നൂറുകണക്കിന് സഖാക്കളെ കൊന്നൊടുക്കിയിട്ടുള്ള ഒരു പ്രസ്ഥാനമാണ് ആർ.എസ്.എസ്. യു.ഡി.എഫ് ആണ് ബി.ജെ.പിയുമായി ലിങ്ക് ഉണ്ടാക്കിയത്. യു.ഡി.എഫിന്റെ 86,000 വോട്ടാണ് തൃശ്ശൂരിൽ ബി.ജെ.പിക്ക് അനുകൂലവുമായി ലഭിച്ചത്. 74000 വോട്ടുകൾക്ക് ബി.ജെ.പി ജയിക്കുന്നതിന് ഭാഗമായി 86000 വോട്ടുകൾ കോൺഗ്രസിന് പോയി എന്താണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തത്. അതിനെക്കുറിച്ച് വി.ഡി സതീശനോട് ചോദിക്കു. കോൺഗ്രസിന്റെ പിന്തുണയിലൂടെയാണ് ബി.ജെ.പി ജയിച്ച് കയറിയത്,’ അദ്ദേഹം പറഞ്ഞു.

ദത്താത്രേയ ഹൊസബല്ലയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് എ. ജയകുമാറാണ് കൂടിക്കാഴ്ച്ചയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദത്താത്രേയയുമായി കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുപുറമെ ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു റാം മാധവുമായി എം.ആര്‍. അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. 2023 ഡിസംബര്‍ അവസാനത്തോടെയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയുടെയും ഇടനിലക്കാരന്‍ ജയകുമാര്‍ തന്നെയായിരുന്നു.

Content Highlight: reaction of cpim secretary m.v govindan about   ADGP conspiracy