സുരേന്ദ്രന്റെ വായിലെ മാലിന്യം ചൂല് കൊണ്ട് തൂത്താലും പോകില്ല; ചിന്ത ജെറോമിനെ അധിക്ഷേപിച്ചതില്‍ മാപ്പ് പറയണം: ഡി.വൈ.എഫ്.ഐ
Kerala News
സുരേന്ദ്രന്റെ വായിലെ മാലിന്യം ചൂല് കൊണ്ട് തൂത്താലും പോകില്ല; ചിന്ത ജെറോമിനെ അധിക്ഷേപിച്ചതില്‍ മാപ്പ് പറയണം: ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th February 2023, 8:55 pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചിന്ത ജെറോമിനെതിരെ നടത്തിയ പരാമര്‍ശം സ്ത്രീത്വത്തെ അവഹേളിക്കുന്നതും അധിക്ഷേപകരവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സുരേന്ദ്രന്റെ വായില്‍ കൂടി പ്രവഹിക്കുന്ന മാലിന്യം ചൂല് കൊണ്ട് തൂത്താല്‍ പോവാത്തതാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

നിക്ഷിപ്ത താല്‍പര്യത്തിന് വേണ്ടി മാധ്യമ സഹായത്തോടെ പൊതുബോധം നിര്‍മിച്ചെടുക്കുകയും അത് വഴി വ്യക്തികളെ തേജോവധം ചെയ്യുകയുമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ കെ. സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റേയും ആ രാഷ്ട്രീയ പാര്‍ട്ടിയുടേയും സംസ്‌കാരത്തെ സൂചിപ്പിക്കുന്നതാണ്. സ്ത്രീത്വത്തെ അപമാനിക്കും വിധം അധിക്ഷേപകരമായ പ്രസ്താവന നടത്തിയ കെ.സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കവെയാണ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ സുരേന്ദ്രന്‍ അധിക്ഷേപിച്ചത്. ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഇതിനെ സുരേന്ദ്രന്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഈ പരാമര്‍ശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും കലക്ടറേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെയും സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. കേരളത്തിലെ പശുക്കള്‍ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ പശുക്കള്‍ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.