തിരുവനന്തപുരം: ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പ്രതിഷേധാര്‍ഹമെന്ന് ഡി.വൈ.എഫ്.ഐ. ദ്വീപിലെ ജനങ്ങളെ സംഘപരിവാറിന് വേട്ടയാടാന്‍ വിട്ടുനല്‍കില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാനമാര്‍ഗവും അട്ടിമറിക്കാന്‍ ഗോവധ നിരോധനം നടപ്പാക്കുന്നു. ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം നിയന്ത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38 ഓളം അങ്കണവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു,’ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. ഇതിനായി തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പൊളിച്ചുമാറ്റിയെന്നും തങ്ങള്‍ ഭരിക്കുന്ന രാജ്യത്ത് ഒരു സമൂഹത്തെയും ഐക്യത്തോടെയും ഉയര്‍ന്ന ജീവിത നിലവാരത്തിലും ജീവിക്കാന്‍ അനുവദിക്കില്ല എന്ന സംഘപരിവാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇത്രയും സമാധാന പ്രിയരും നിഷ്‌ക്കളങ്കരുമായ ഒരു ജനതയെയാണ് സംഘപരിവാര്‍ വേട്ടയാടുന്നതെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.
‘ഏകാധിപതിയെപ്പോലെ നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ ജനവിരുദ്ധ തീരുമാനങ്ങള്‍ ലക്ഷദ്വീപ് ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. സമാധാന ജീവിതം നയിക്കുന്ന ലക്ഷദ്വീപ് ജനതയെ വേട്ടയാടാന്‍ സംഘപരിവാറിന് വിട്ടുകൊടുക്കില്ല’, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.
കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.
മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.
കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.
സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.
ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്ബോള്‍ താരം സി. കെ വിനീത് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.