കോട്ടയം: കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ശങ്കര്‍ മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ജാതി വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ ഉയര്‍ന്ന അക്കാദമിക് നിലവാരം പുലര്‍ത്തേണ്ട, സമൂഹത്തിന് മാതൃകയാവേണ്ട സ്ഥാപനത്തിന്റെ മഹിമ തകര്‍ക്കുന്ന ജാതി വെറിയന്മാരെ തല്‍സ്ഥാനത്തുനിന്ന് നീക്കി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് നിലവാരം വീണ്ടെടുക്കണമെന്നാണ് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന വനിതാ തൊഴിലാളികളെ ജാതീയമായി അധിക്ഷേപിക്കുകയും ഡയറക്ടറുടെ വീട്ടിലെ ടോയ്ലെറ്റ് ബ്രഷ് പോലും ഉപയോഗിക്കാതെ ക്ലീന്‍ ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നത് പ്രതിഷേധാര്‍ഹവും പ്രതിരോധിക്കപ്പെടേണ്ടതുമാണെന്നും ഡി.വൈ.എഫ്.ഐ വിമര്‍ശനമുന്നയിച്ചു.
കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റ് വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങളും സ്ഥാപനത്തിന്റെ പോരായ്മകളും ഡി.വൈ.എഫ്.ഐ എണ്ണിപ്പറയുന്നുണ്ട്. എന്‍ട്രന്‍സ് പരീക്ഷയിലൂടെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടുന്ന പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് അന്തരീക്ഷവും ഒരുക്കാനും പാലിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചില അധികാരികള്‍ തയ്യാറാവുന്നില്ലെന്നുമാണ് സംഘടന വ്യക്തമാക്കുന്നത്.
‘മാസങ്ങള്‍ക്ക് മുമ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത വിവിധോദേശ മിക്‌സിങ് സ്റ്റുഡിയോയ്ക്കുള്ളില്‍ പോലും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനോ അവരുടെ അക്കാദമികമായ ചലചിത്ര ഗവേഷണപഠനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ അത് മാറ്റാന്‍ കഴിയുന്ന ഒരു സ്ഥിതി നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലില്ല
ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചും അവരുടേതായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും മാത്രമാണ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മിക്‌സിങ് സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത്. ഇവരുടെ സിലബസിനെ സംബന്ധിച്ചും സിലബസ് രൂപീകരണ സമിതികളെ സംബന്ധിച്ചും നിലവില്‍ സുതാര്യമായ സംവിധാനം ഇന്‍സ്റ്റിറ്റ്യൂട്ടിലില്ല,’ ഡി.വൈ.എഫ്.ഐ പറയുന്നു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉയര്‍ന്ന അക്കാദമിക് ഭരണ ബോഡികളില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യമോ ജനാതിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയോ പങ്കാളിത്തമില്ലെന്നും ഇവ പുനപരിശോധനകള്‍ക്ക് വിധേയമാക്കി പുനസംഘടിപ്പിക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ നടത്തുന്ന ജാതീയമായ വിവേചനത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരുന്നത്. സിനിമാമേഖലയില്‍ നിന്നുള്ള നിരവധി പേര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ചെത്തിയിരുന്നു.
ഐ.എഫ്.എഫ്.കെ വേദിയിലും വിദ്യാര്‍ത്ഥികള്‍ സമരം നടത്തുകയും സിനിമാപ്രവര്‍ത്തകര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം, ശങ്കര്‍ മോഹനെ പിന്തുണച്ചെത്തിയ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിലുയര്‍ന്നത്.
കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ നടത്തുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടകനായി അടൂരിനെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ജിയോ ബേബിയടക്കമുള്ളവര്‍ തങ്ങളുടെ സിനിമകള്‍ പിന്‍വലിച്ചിരുന്നു.
ഇത്രയും വിമര്‍ശനങ്ങളുയര്‍ന്നിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ചലച്ചിത്ര അക്കാദമി ഇത്തരക്കാരെ പിന്തുണക്കുന്ന നിലപാട് തുടരുകയാണെന്നും പ്രതികരണങ്ങളുയര്‍ന്നിരുന്നു.
Content Highlight: DYFI asks Kerala Govt to remove Sankar Mohan from Director position at K R Narayanan Film Institute