national news
ദല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തി; നടപടിയെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Friday, 21st March 2025, 9:07 am

ലഖ്നൗ: ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വസതിയില്‍ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പണക്കെട്ടുകള്‍ കണ്ടെത്തിയത്.

കണക്കില്‍ പെടാത്ത പണമാണ് ജഡ്ജി വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചുചേര്‍ത്തു. യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. ജഡ്ജിയുടെ സ്ഥലമാറ്റം ഏകകണ്ഠമായാണ് തീരുമാനിച്ചത്.

തീപിടിത്തമുണ്ടായപ്പോള്‍ യശ്വന്ത് വർമ വീട്ടില്‍ ഉണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ വീട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിളിക്കുകയും പിന്നീട് വീടിനുള്ളിലെ ഒരു റൂമില്‍ നിന്ന് പണം കണ്ടെത്തുകയുമായിരുന്നു.

2021ലാണ് യശ്വന്ത് വർമ ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനാകുന്നത്. അലഹബാദ് ഹൈക്കോടതിയില്‍ നിന്നാണ് അദ്ദേഹത്തിന് സ്ഥലമാറ്റം ലഭിച്ചത്.

നിലവില്‍ കൊളീജിയത്തിലെ ചില അംഗങ്ങള്‍ ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജഡ്ജി രാജിവെക്കണമെന്ന ആവശ്യവും കൊളീജിയത്തിനുള്ളില്‍ നിന്ന് ഉയരുന്നുണ്ട്.

ഇപ്പോള്‍ 1999ല്‍ സുപ്രീം കോടതി നടപ്പിലാക്കിയ ആഭ്യന്തര നടപടിക്രമം അനുസരിച്ച്, ജഡ്ജി യശ്വന്ത് വർമയില്‍ നിന്ന് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്.

വിശദീകരണം ലഭിക്കാത്ത പക്ഷം സംഭവം വിശദമായി അന്വേഷിക്കുന്നതിനായി ഒരു സുപ്രീം കോടതി ജഡ്ജിയും രണ്ട് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരും ഉള്‍പ്പെടുന്ന ആഭ്യന്തര പാനല്‍ രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് കഴിയും.

Content Highlight: Bunch of Currency found at Delhi High Court judge’s house