Kerala News
വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതല മക്കളുടേത്: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 08, 02:32 am
Saturday, 8th February 2025, 8:02 am

കൊച്ചി: വൃദ്ധമാതാക്കാളെ സംരക്ഷിക്കേണ്ട ചുമതല മക്കളുടെ കടമയാണെന്ന് കേരള ഹൈക്കോടതി. വൃദ്ധരായ മാതാപിതാക്കള്‍ക്ക് കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സാമ്പത്തിക സഹായം ലഭിച്ചാലും അവരെ സംരക്ഷിക്കേണ്ട ചുമതല മക്കള്‍ക്ക് തന്നെയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മാതാപിതാക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്നും മക്കള്‍ക്ക് ഒഴിയാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 74കാരനായ പിതാവ് മക്കളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കൗസര്‍ എഗപ്പത്തിന്റെ ഉത്തരവ്.

ആദ്യവിവാഹത്തിലെ മക്കളും കുവൈത്തില്‍ മികച്ച ജോലിയുള്ള ആണ്‍മക്കളില്‍ നിന്ന് ജീവനാംശം തേടിയാണ് ഹരജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഹരജിയില്‍ ജീവനാംശം നിഷേധിച്ച് കുടുംബകോടതി ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കിയ ഹൈക്കോടതി മാസം 20,000 രൂപവീതം അച്ഛന് നല്‍കണമെന്ന് മക്കളോട് ആവശ്യപ്പെട്ടു.

മാതാപിതാക്കളെ സംരക്ഷിക്കേണ്ട കടമ മക്കള്‍ക്കുണ്ടെന്നും പ്രത്യേകിച്ച് ആണ്മക്കള്‍ക്കുള്ള കടമ, ധാര്‍മികത, മതം, നിയമം എന്നിവയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം വിദേശത്ത് താമസിക്കുന്ന മക്കള്‍ക്ക് അവരുടെ അച്ഛനെ സംരക്ഷിക്കാനുള്ള മാര്‍ഗമുണ്ടെന്നും ഹരജിക്കാരന്‍ ദൈനംദിന ചെലവുകള്‍ക്കായി സഹോദരനില്‍ നിന്ന് ചെറിയ തോതിലുള്ള സഹായം മാത്രമാണ് ലഭിക്കുന്നതെന്നും ബിസിനസില്‍ നിന്ന് ലഭിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

സഹോദരനില്‍ നിന്നും സഹായം അച്ഛന് ലഭിക്കുന്നുണ്ടെന്ന് കരുതി മക്കള്‍ക്ക് തങ്ങളുടെ കടമ നിഷേധിക്കാനുള്ള കാരണമാവില്ലെന്നും അച്ഛനും മകനും തമ്മിലുള്ള ബന്ധം ആഴമേറിയ ഒന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹരജിക്കാരന്‍ ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച് രണ്ടാമത് വിവാഹിതനാവുകയും നിലവില്‍ സഹോദരന്റെ സഹായത്തിലുമാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ പിതാവ് സഹോദരനൊപ്പം ബിസിനസ് നടത്തുന്നുവെന്നും സ്വയം വരുമാനം നേടുന്നതിനാല്‍ തങ്ങള്‍ ജീവനാംശം നല്‍കേണ്ട സാഹചര്യമില്ലെന്ന് മക്കള്‍ കോടതിയില്‍ വാദിച്ചു. ഈ വാദം പരിഗണിച്ച് കുടുംബ കോടതി ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഉത്തരവിടുകയായിരുന്നു.

Content Highlight: Duty to protect aged parents belongs to children: High Court