ബിലാല്‍ വരും, വരുമ്പോള്‍ അതൊരു ഒന്നൊന്നര വരവായിരിക്കും: ദുല്‍ഖര്‍ സല്‍മാന്‍
Entertainment
ബിലാല്‍ വരും, വരുമ്പോള്‍ അതൊരു ഒന്നൊന്നര വരവായിരിക്കും: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th October 2024, 8:00 am

2007ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രമാണ് ബിഗ് ബി. 2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ വലിയ താരനിരത്തന്നെ ഒന്നിച്ചിരുന്നു. അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ്. ബി അവതാരണത്തിലെ പുതുമ കൊണ്ട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബിഗ് ബിക്ക് ബോക്‌സ് ഓഫീസില്‍ വലിയ രീതിയിലുള്ള പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ചിത്രവും ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത ബിലാല്‍ എന്ന കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിനൊരു രണ്ടാം ഭാഗം വേണമെന്ന് സിനിമ പ്രേമികള്‍ അന്നുമുതലേ ആവശ്യപ്പെടുന്നതാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ വരുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചിരുന്നു.

എന്നാല്‍ സിനിമയുടെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും പിന്നീട് വന്നിരുന്നില്ല. ബിലാലില്‍ ദുല്‍ഖര്‍ സല്‍മാന്റെ കാമിയോ ഉണ്ടാകുമെന്നും കിംവദന്തികള്‍ വന്നിരുന്നു. എന്നാല്‍ ഒഫീഷ്യല്‍ ആയ സ്ഥിരീകരണം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

ബിഗ് ബി സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിലാല്‍ എപ്പോള്‍ വരുമെന്ന് ബിലാലിന് മാത്രമേ അറിയുകയുള്ളുവെന്നും എന്നാല്‍ വന്നാല്‍ അത് ഒരു ഒന്നൊന്നര വരവായിരിക്കുമെന്നും ഡി.ക്യു പറയുന്നു. ചിത്രത്തില്‍ തന്റെ കാമിയോ ഉണ്ടോ ഇല്ലയോ എന്നുള്ളതെല്ലാം ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും എല്ലാം കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നടത്തിയ ഇവന്റില്‍ ബിലാല്‍ എപ്പോള്‍ വരുമെന്ന മീഡിയയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ബിലാല്‍ എപ്പോള്‍ വരുമെന്ന് ബിലാലിന് മാത്രമേ അറിയുകയുള്ളൂ. പക്ഷെ ബിലാല്‍ വരും. വരുമ്പോള്‍ അതൊരു ഒന്നൊന്നര വരവായിരിക്കും. എന്റെ കാമിയോ ഉണ്ടോ ഇല്ലയോ എന്നെല്ലാം ഇപ്പോള്‍ പറയാന്‍ കഴിയില്ല. എല്ലാം കാത്തിരുന്നു കാണാം. എന്തായാലും ബിലാല്‍ നിങ്ങളിലേക്ക് വരും,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

Content Highlight: Dulquer Salman Talks About Bilal Movie Updates