Advertisement
Entertainment news
ബിലാലില്‍ പിടിച്ചു കേറാന്‍ നോക്കും, ഞാന്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ഫഹദ് ആ റോള്‍ ചെയ്യുമായിരിക്കും: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 28, 03:10 am
Thursday, 28th July 2022, 8:40 am

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം സീതാരാമം ആഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ വമ്പന്‍ രീതിയിലാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ താനും വാപ്പച്ചിയും ഒന്നിച്ചുള്ള ചിത്രത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ദുല്‍ഖര്‍ മറുപടി പറയുകയാണ്.

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ബിലാലില്‍ ദുല്‍ഖര്‍ ഉണ്ടാകുമോ എന്നത് ആയിരുന്നു മാധ്യമങ്ങളുടെ ചോദ്യം.

ബിലാലില്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് വാപ്പച്ചിക്കും അമല്‍ നീരദിനും മാത്രമേ അറിയൂ. എങ്ങനെ എങ്കിലും ബിലാലില്‍ കേറാന്‍ താന്‍ നോക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.

‘ബിലാലില്‍ ഉണ്ടോ എന്നൊരു ഉറപ്പ് എനിക്ക് കിട്ടിയിട്ടില്ല. എവിടെ എങ്കിലും പിടിച്ചു കേറാന്‍ ഞാന്‍ നോക്കും. ചെറുപ്പത്തില്‍ തന്നെ ഒരുപാട് സിനിമകളില്‍ അങ്ങനെ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്. സാമ്രാജ്യം സിനിമയില്‍ ക്ലൈമാക്‌സില്‍ ആ കുട്ടി നടന്നു പോകുമ്പോള്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്റെ മനസിലും ഉള്ള ആഗ്രഹമാണ്. എനിക്ക് ചെയ്യാന്‍ ഭാഗ്യം കിട്ടിയില്ല എങ്കില്‍ ഫഹദ് അത് ചെയ്യുമായിരിക്കും അറിയില്ല’, ദുല്‍ഖര്‍ പറഞ്ഞു.

അതേസമയം ലോകമെമ്പാടും വലിയ റിലീസാണ് സീതാരാമത്തിന് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ആഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രശ്മികയുടെ കഥാപാത്രത്തിന്റെ പേര്.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight : Dulquer Salman says about Mammooty’s most awaited  Bilal movie