തനിക്ക് എത്ര പണം നല്‍കിയാലും റീമേക്ക് ഓഫറുകള്‍ സ്വീകരിക്കില്ലെന്ന് പറയുകയാണ് ദുല്‍ഖര്‍. ഇപ്പോഴും ഒറിജിനല്‍ സിനിമകള്‍ ചെയ്യാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദിയില്‍ നിന്ന് വലിയ പ്രതിഫലത്തിന് ഒരു റീമേക്ക് ഷോ ചെയ്യാന്‍ വന്നിരുന്നെന്നും എന്നാല്‍ റീമേക്ക് ആയതുകൊണ്ടുതന്നെ താന്‍ വേണ്ടെന്ന് വെക്കുകയായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.
ഒരു സിനിമയില്‍ കൊണ്ടുവരേണ്ട മൂല്യങ്ങളെ കുറിച്ച് താന്‍ ബോധവാനാണെന്നും അതിനനുസരിച്ചാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പണത്തിന് വേണ്ടിയല്ല താന്‍ സിനിമകള്‍ ചെയ്യുന്നതെന്നും ഒരിക്കലും അതിന് വേണ്ടി ചെയ്യില്ലെന്നും ദുല്‍ഖര്‍ പറയുന്നു. ഗ്രേറ്റ് ആന്ധ്രാ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് നിങ്ങള്‍ ഒരുപാട് പണം തന്നത് കൊണ്ടു ഞാനൊരു തെലുങ്ക് സിനിമ ചെയ്യില്ല. എനിക്ക് നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. വലിയ പ്രതിഫലം നല്‍കി എനിക്ക് ഒരു റീമേക്ക് ചിത്രം ഓഫര്‍ ചെയ്താല്‍ ഞാന്‍ അത് സ്വീകരിക്കില്ല. എനിക്ക് എപ്പോഴും ഒറിജിനല്‍ സിനിമകള്‍ ചെയ്യാനാണ് താല്‍പര്യം.
ഇപ്പോള്‍ പോലും വലിയ പ്രതിഫലത്തിന് ഒരു ഒ.ടി.ടി എന്നെ ഹിന്ദിയില്‍ ഒരു ഷോ ചെയ്യാനായി സമീപിച്ചിരുന്നു. അതൊരു റീമേക്കായിരുന്നു. വലിയ പ്രതിഫലമാണ് അതിന് വേണ്ടി എനിക്ക് അവര്‍ക്ക് ഓഫര്‍ ചെയ്തത്. പക്ഷേ എനിക്ക് അത് വേണ്ടായിരുന്നു. ഞാന്‍ അവരോട് നോ പറഞ്ഞു. ഒരു സിനിമയില്‍ ഞാന്‍ കൊണ്ടു വരേണ്ട മൂല്യങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. അതിന് അനുസരിച്ചാണ് ഞാന്‍ എന്റെ പ്രതിഫലം നിശ്ചയിക്കാറുള്ളത്.
പണമല്ല ഞാന്‍ നേടാന്‍ ശ്രമിക്കുന്നത്. ഞാന്‍ പരസ്യങ്ങളും നിക്ഷേപങ്ങളും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പിന്തുടരുന്ന ഒരു റൂള്‍ ആണ് അത്. എന്റെ പ്രേക്ഷകരുടെ മനസ്സില്‍ എപ്പോഴും ഞാന്‍ എന്റെ അച്ഛന്റെ മകനാണ്. ഒരു പ്രബലമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നും വന്ന ആളാണ്. അതുകൊണ്ട് തന്നെ ഞാന്‍ പണത്തിന് വേണ്ടി എന്തെങ്കിലും ചെയ്താല്‍ അവന്‍ ഈ സിനിമ പണത്തിന് വേണ്ടി ചെയ്തതാണെന്ന് അവര്‍ക്ക് മനസ്സിലാകും,’ ദുല്‍ഖര്‍ പറയുന്നു.