എന്‍. ഗോവിന്ദന്‍ കുട്ടിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി ജിജോ പുന്നൂസ് സംവിധാനം നിര്‍വഹിച്ച് 1982ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് പടയോട്ടം. നവോദയ അപ്പച്ചന്‍ നിര്‍മിച്ച ഈ സിനിമയില്‍ കണ്ണനായി മോഹന്‍ലാലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ കമ്മാരനെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. പ്രേം നസീറായിരുന്നു പടയോട്ടത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആ ഒരു ജനറേഷനിലുള്ള ആളുകള്‍ ഏത് തരത്തിലുള്ള കഥാപാത്രവും ചെയ്യാന്‍ തയ്യാറായിരുന്നവരാണെന്നും ഒരു നാടക കളരിയില്‍ നിന്ന് വന്നവരെ പോലെ ആയിരുന്നു അവരെന്നും ദുല്‍ഖര്‍ പറയുന്നു.
സ്ത്രീയായും വയസനായും കൗമാരക്കാരായും അഭിനയിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും അതാണ് ആ അഭിനേതാക്കളുടെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്കി ഭാസ്‌കറിന്റെ പ്രൊമോഷന്‍ വേളയില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.
‘വാപ്പച്ചി ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ സാറിന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആ ജനറേഷനിലുള്ള അഭിനേതാക്കളെല്ലാം ഒരു നാടക കളരിയില്‍ നിന്നും വരുന്നത് പോലെയായിരുന്നു. അവര്‍ ഏത് രീതിയിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തയ്യാറായിരുന്നു.
അവര്‍ സ്ത്രീകളായും വയസായ ആളായും കൗമാരക്കാരായും എല്ലാം അഭിനയിക്കാന്‍ തയ്യാറാണ്. അതാണ് അവരുടെ ഏറ്റവും വലിയ വെല്ലുവിളിയും,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
അതേസമയം ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലാണ് ഒരുങ്ങിയത്. തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ മൊഴിമാറ്റിയും ചിത്രം പ്രദര്‍ശനത്തിനെത്തും. ലക്കി ഭാസ്‌കര്‍ ഇന്ന് (ഒക്ടോബര്‍31) തിയേറ്ററുകളിലെത്തും.