സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കാന്‍ സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ എന്ന പട്ടം പ്രയോജനപ്പെട്ടുവെങ്കിലും പിന്നീടുള്ളതെല്ലാം സ്വന്തം പ്രയത്‌നത്താല്‍ വെട്ടിപ്പിടിച്ച താരമാണ് ദുല്‍ഖര്‍. നടനെന്ന നിലയില്‍ മമ്മൂട്ടിയുടെ മകനെന്ന ടാഗ് ഒഴിവാക്കാനാണ് ദുല്‍ഖര്‍ എന്നും ശ്രമിച്ചിട്ടുള്ളതും. എന്നാല്‍ ചില ആളുകള്‍ ആ ടാഗില്‍ നിന്നും മാറാന്‍ അനുവദിക്കാതിരുന്നിട്ടുണ്ടെന്ന് പറയുകയാണ് ദുല്‍ഖര്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.
‘മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് മാറ്റുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നു. അതേസമയം തന്നെ ആ ടാഗില്‍ നിന്നും എന്നെ മാറാന്‍ അനുവദിക്കാത്ത ഒരു കൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് എന്തെങ്കിലും അജണ്ട ഉണ്ടായിരിക്കും.
തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുമ്പോള്‍ അവിടുത്തെ പ്രേക്ഷകര്‍ സ്‌നേഹം ലഭിക്കാറുണ്ട്. എന്നാല്‍ ഈ ആളുകള്‍ അവിടെയും വന്ന് ഇവര്‍ എന്നെ അറ്റാക്ക് ചെയ്യും. ഇതൊക്കെ കാണുമ്പോള്‍ ഞാനും കേരളത്തില്‍ തന്നെയുള്ള ആളാണെന്ന് പറയാന്‍ തോന്നും. മറ്റ് ഭാഷകളിലെ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടണ്ട എന്ന് ഇവര്‍ക്ക് എന്താണിത്ര നിര്‍ബന്ധം.
എന്നിരുന്നാലും പ്രേക്ഷകരുടെ സ്‌നേഹവും സ്വീകാര്യതയും കാണുമ്പോഴും അത് പൂര്‍ണമായും ആസ്വദിക്കാറില്ല. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നോക്കും.
കാണാന്‍ ഭയങ്കര ഭംഗിയുള്ള ആളായി എന്നെ തോന്നിയിട്ടില്ല. കാണുമ്പോള്‍ തന്നെ സ്ത്രീകളൊക്കെ ഒന്നു നോക്കുന്ന ആളായിരുന്നില്ല ഞാന്‍. പക്ഷേ എന്റെ സുഹൃത്തുക്കളില്‍ അങ്ങനെയുള്ള ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. ചിലരെ കാണുമ്പോള്‍ വാപ്പച്ചിയുടെ ചില ഗുണങ്ങള്‍ എന്നെക്കാളും ഇവര്‍ക്കുണ്ടല്ലോ എന്ന് തോന്നും. സുന്ദരനായ നടന്‍ എന്ന് അറിയപ്പെടാന്‍ എനിക്ക് ആഗ്രഹമില്ല. ഒരു നടനാവാനാണ് ആഗ്രഹം.
ചാമിങ്, ചോക്ലേറ്റ് ബോയ്, റൊമാന്റിക് ഹീറോ എന്ന് ടാഗൊന്നും ഇനി വേണ്ട. മറ്റൊരാളെ പറ്റി ഇതുപോലെ വായിച്ചാലും അതൊരു നല്ല കാര്യമായി എനിക്ക് തോന്നില്ല,’ ദുല്‍ഖര്‍ പറഞ്ഞു.
കിങ് ഓഫ് കൊത്തയാണ് അണിയറയില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത ഒരു ഗ്യാങ്‌സറ്റര്‍ ചിത്രമാണ്. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിന്നുണ്ട്.
Content Highlight: Dulquer is saying that people have not allowed him to move away from that tag of mammootty’s son