കോഴിക്കോട്: മുടിനാരില്‍ നിന്ന് ജീര്‍ണ്ണിച്ച മൃതദേഹത്തിന്റെ മുഖരൂപം ദുബായ് പൊലീസ് കണ്ടെത്തിയെന്ന തരത്തില്‍ മലയാള മനോരമ നല്‍കിയ വാര്‍ത്ത തെറ്റ്. തലയോട്ടിയുടെ ത്രീ ഡി സ്‌കാനറും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് ദുബായ് പൊലീസ് മൃതദേഹത്തിന്റെ അന്തിമ മുഖരൂപത്തിലേക്കെത്തിയത്.
ഒരു മാസം മുന്‍പ് കടലില്‍ നിന്നാണ് ഏതാണ്ട് പൂര്‍ണമായും ജീര്‍ണിച്ച മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് ദുബായ് പൊലീസിലെ ഫോറന്‍സിക്‌സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ.അഹമദ് ഈദ് അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലുള്ള സംഘം ആധുനിക സാങ്കേതിക വിദ്യയായ ത്രീ ഡി ഫേഷ്യല്‍ റികണ്‍സ്ട്രക്ഷന്‍ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിക്കുകയായിരുന്നു.
മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഒരൊറ്റ മുടിനാരിന്റെ പിന്‍ബലത്തിലാണ് മുഖം പുന:സൃഷ്ടിച്ചതെന്നായിരുന്നു മനോരമ വാര്‍ത്ത. എന്നാല്‍ മൃതദേഹത്തില്‍ നിന്ന് ലഭിച്ച മുടിനാര് കൊണ്ട് മുഖരൂപം പുന:സൃഷ്ടിക്കാന്‍ സാധ്യമല്ല.
മരിച്ചയാളുടെ മുടിയുടെ നീളവും നിറവും മാത്രമാണ് മൃതദേഹത്തില്‍ നിന്ന് ലഭിച്ച മുടിനാരില്‍ നിന്ന് കണ്ടെത്താനായതെന്ന് ഫോറന്‍സിക് കണ്‍സള്‍ട്ടന്റ് ഡോ. യൂനുസ് അല്‍ ബലൂഷി ദുബായ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖം പുന:സൃഷ്ടിക്കാന്‍ തലയുടെ ഭാഗത്തിന്റേയും തലയോട്ടിയുടേയും എക്‌സ് റേ വഴിയും ത്രീഡി സ്‌കാന്‍ വഴിയുമാണെന്ന് വിഷ്വല്‍ എവിഡന്‍സ് അനാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റ് മേജര്‍ ഡോ ഹമദ് അല്‍ അവാര്‍ പറയുന്നു.
മരിച്ചയാള്‍ക്ക് 35 നും 45 നും ഇടയിലാണു പ്രായമെന്നാണ് കണ്ടെത്തല്‍. ഏറെ നാളുകള്‍ വെള്ളത്തില്‍ കിടന്നതിനാല്‍ മൃതദേഹത്തിന്റെ ചര്‍മത്തിന്റെ നിറവും സ്വഭാവവും നഷ്ടപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക