മുംബൈ: ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിനെയും ടൈഗര്‍ മേമനെയും പിടികൂടാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ച് ഇസ്‌ലാമിക പ്രാസംഗികന്‍ സാകിര്‍ നായികിനെ പിടികൂടണമെന്ന് കേന്ദ്രത്തോട് ശിവസേന.
“ടൈഗര്‍ മേമനെയും ദാവൂദിനെയും പാകിസ്ഥാനില്‍ നിന്നും ഇവിടേക്കു കൊണ്ടുവരുമെന്ന പ്രഖ്യാപനങ്ങള്‍ അവസാനിപ്പിക്കുക. ഇപ്പോള്‍ ഇവിടെ ഒളിച്ചിരിക്കുന്ന ശത്രുവായ നായിക്കില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. അദ്ദേഹത്തെ അറസ്റ്റു ചെയ്ത് അജ്മല്‍ കസബിനെ പൂട്ടിയിട്ട അതേ സെല്ലില്‍ എറിയുക.” ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലെ എഡിറ്റോറിയലില്‍ പറയുന്നു.
“നായിക്കിന്റെ പ്രചരണങ്ങള്‍ രാജ്യത്തെ വിഘടനവാദ ശക്തികള്‍ക്ക് ഇന്ധനം പകരുന്നതാണ്. മുസ്‌ലീങ്ങളെ നരകത്തിലേക്കു തള്ളി അദ്ദേഹം മിശിഹാ ആകാന്‍ ശ്രമിക്കുകയാണെന്നു തോന്നുന്നു. ഇന്ത്യയില്‍ പുതിയൊരു തരം അസ്വസ്ഥതയും പാകിസ്ഥാനും സൃഷ്ടിക്കപ്പെടുകയാണ്.” സേന പറയുന്നു.
നായിക്കിനെയും അദ്ദേഹത്തിന്റെ പീസ് ടി.വിയെയും ലോകമെമ്പാടും നിരോധിക്കാനുള്ള ധൈര്യം ഇന്ത്യ കാണിക്കണമെന്ന് ബി.ജെ.പി സര്‍ക്കാറിനോട് അവര്‍ ആവശ്യപ്പെട്ടു. ഇത്തരം ആളുകള്‍ കാരണമാണ് മുസ്‌ലീങ്ങള്‍ക്ക് മുഖ്യധാരയിലേക്ക് വരാന്‍ കഴിയാത്തതെന്നും സാംമ്‌ന അഭിപ്രായപ്പെട്ടു.